തക്കാളി പേസ്റ്റ് ജാറുകളില്‍ കടത്താന്‍ ശ്രമിച്ച 2.1 മില്യണ്‍ മയക്കുമരുന്ന് ഗുളികകള്‍ സൗദി കസ്റ്റംസ് അധികൃതര്‍ പിടികൂടി

റിയാദ്: സൗദി അറേബ്യ ജോര്‍ദാനുമായി അതിര്‍ത്തി പങ്കിടുന്ന അല്‍ ഹദിത തുറമുഖത്ത് വെച്ച് 2.1 ദശലക്ഷം ക്യാപ്റ്റഗണ്‍ മയക്കുമരുന്ന് ഗുളികകള്‍ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം സൗദി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തിയതായി സൗദിയുടെ ഔദ്യോഗീക വാര്‍ത്താ ഏജസിയായ സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു.

തുറമുഖം വഴി ഇറക്കുമതി ചെയ്യുന്ന തക്കാളി പേസ്റ്റ് ജാറുകള്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ഗുളികകളെന്ന് സകാത്ത്, ഇന്‍കംടാക്‌സ് ആന്‍ഡ് കസ്റ്റംസ് വിഭാഗം അറിയിച്ചതായി എസ്പിഎ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ട്രക്കില്‍ കയറ്റിയ ‘തക്കാളി പേസ്റ്റിന്റെ” കാര്‍ട്ടൂണുകളിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

കസ്റ്റംസ് നടപടിക്രമങ്ങള്‍ അനുസരിച്ച്, കയറ്റുമതി സാധങ്ങള്‍ എക്‌സ്-റേ മെഷീനുകള്‍ വഴി പരിശോധിക്കുകയും ജാറുകളുടെ പൊള്ളയായ മൂടിയില്‍ സൂക്ഷ്മമായി ഒളിപ്പിച്ച ഗുളികകള്‍ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ ആവശ്യമായ നിയമ നടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്തു.

മയക്കുമരുന്ന് കടത്തലിനെ പ്രതിരോധിക്കാന്‍ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ചും ഏകോപനത്തിലുടെയും ഏറ്റവും പുതിയ സുരക്ഷാ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് എല്ലാ കര, കടല്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു.

കള്ളക്കടത്തും നിയമലംഘനവുമായി ബ്ധപ്പെട്ട ഏതെങ്കിലും വിവരങ്ങള്‍ ലഭ്യമാകുന്നവര്‍ 1910 എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ ജൂണ്‍മാസത്തിലും ജിദ്ദ ഇസ്‌ലാമിക് തുറമുഖം വഴി 4.5 ദശലക്ഷത്തിലധികം  കാപ്റ്റഗണ്‍ ഗുളികകള്‍ ഓറഞ്ച് ശേഖരത്തില്‍ ഒളിപ്പിച്ചുകടത്താനുള്ള ശ്രമം അധികൃതര്‍ പരാജയപ്പെടുത്തിയിരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക