കരുവന്നൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ മറവില്‍ നടന്നത് ആയിരം കോടിയുടെ തിരിമറി

തൃശ്ശൂര്‍: കരുവന്നൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ മറവില്‍ ആയിരം കോടിയുടെ തിരിമറി നടന്നതായി സൂചന. 100 കോടിയുടെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കോടികളുടെ നഷ്ടമാണ് ബാങ്കിനു വരുത്തിവെച്ചിട്ടുള്ളത്.

റിസോര്‍ട്ട് നിര്‍മാണത്തിനായി വിദേശത്തുനിന്നുള്‍പ്പെടെ ഭീമമായ നിക്ഷേപം എത്തിയിരുന്നു. ബാങ്കിന്റെ പേര് ഉപയോഗപ്പെടുത്തിയായിരുന്നു റിസോര്‍ട്ട് നിര്‍മ്മാണ പദ്ധതി. ബിനാമി ഇടപാട്, നിക്ഷേപങ്ങളുടെ പലിശ കൂട്ടിക്കൊടുത്തുള്ള തട്ടിപ്പ്, വ്യാജമായി ഭൂമി ഈടുവെച്ചുള്ള കോടികളുടെ വായ്പയും നടന്നതായാണ് നിഗമനം. കുറഞ്ഞ വിലയുള്ള ഭൂമിയുടെ ഈടില്‍ വലിയ തുകക്ക് വായ്പയെടുത്ത് ജപ്തിനടപടി സ്വീകരിക്കുന്ന തട്ടിപ്പും നടന്നിട്ടുണ്ട്.

അതേസമയം വലിയ വിലയുള്ള ഭൂമിയുടെ ഈടില്‍ ചെറിയ വായ്പയെടുക്കുന്നവരെ സമ്മര്‍ദത്തിലാക്കി ജപ്തിനടപടി സ്വീകരിച്ച് ഭൂമി തട്ടിയെടുക്കുന്ന തന്ത്രവും ഉണ്ടായി. അങ്ങിനെ ലഭിക്കുന്ന ഭൂമി മറിച്ചുവിറ്റ് കോടികള്‍ സമ്പാദിച്ചിട്ടുണ്ട്. ഇതുവഴി കരുവന്നൂര്‍ ബാങ്കില്‍ നേരിട്ടും അല്ലാതെയും അഞ്ചുവര്‍ഷത്തിനിടെ 1000 കോടിയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാധമിക നിഗമനം.

അതേസമയം ബാങ്കിലെ ഇടപാടുകളിലെ തട്ടിപ്പ് സംബന്ധിച്ച് സഹകരണവകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ബിനാമി ഇടപാടുണ്ടെന്ന് പ്രസിഡന്റും മാനേജറും മൊഴി നല്‍കിയതായി പരാമര്‍ശമുണ്ട്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക