റോഡ് വികസന പ്രഖ്യാപനത്തിൽ തലശ്ശേരിയെ പരിഗണിച്ചില്ല: ഐ.എം.എ

തലശ്ശേരി: കണ്ണൂർ, മട്ടന്നൂർ, കൂർഗ്ഗ് ,മൈസൂർ റോഡിനെ ഇക്കഴിഞ്ഞ ദിവസം ദേശീയ പാതയായി പ്രഖ്യാപിച്ചതിലൂടെ റോഡ് വികസന കാര്യത്തിൽ തലശ്ശേരി അവഗണിക്കപ്പെട്ടതായി ഐ.എം.എ. തലശ്ശേരി ശാഖാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇക്കാര്യത്തിൽ ഉത്ഖണ്ഡയുണ്ട് . നിലപാട് തിരുത്തണം. പരിഹാരമായി ടി.സി.റോഡിലെ തലശ്ശേരി, മട്ടന്നൂർ ഭാഗം കൂടി ദേശീയ പാതയാക്കണം. കേരളത്തിൻ്റെയും തലശ്ശേരിയുടെയും പൈതൃക റോഡാണ് നൂറ്റാണ്ടിൻ്റെ പഴക്കമുള്ള തലശ്ശേരി, കൂർഗ്ഗ് ,മൈസൂർ പാത. മൈസൂരിൽ നിന്നും തലശ്ശേരിയിലേക്ക് നീളുന്ന പ്രസ്തുത റോഡിനെ ഒട്ടും പ്രതീക്ഷിക്കാതെ മട്ടന്നൂരിൽ നിന്ന് താഴെചൊവ്വ വഴി കണ്ണൂരിലേക്ക് റൂട്ട് മാറ്റി. നിലവിൽ തന്നെ നിരവധി നഷ്ടങ്ങൾ നേരിടുന്ന തലശ്ശേരിക്ക് പൈതൃക റോഡിൻ്റെ പ്രാധാന്യം കൂടി ഇല്ലാതാവുന്നത് താങ്ങാനാവില്ലയെന്ന് ഡോക്ടർമാർ പറഞ്ഞു.

ടി.സി.റോഡിൻ്റെ ഭാഗമായ തലശ്ശേരി മട്ടന്നൂർ റോഡിനെ ദേശിയ പാതയായി ഉയർത്താൻ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് തലശ്ശേരി എം.എൽ.എ ഉൾപെടെയുള്ള ജനപ്രതിനിധികളോടും മുഖ്യധാരാ രാഷ്ടീയ പാർട്ടി നേതാക്കളോടും അഭ്യർത്ഥിച്ചതായി ഐ.എം.എ. ഭാരവാഹികൾ വെളിപ്പെടുത്തി.തലശ്ശേരിയുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കണമെന്ന് മുഖ്യമന്ത്രിയോടും അഭ്യർത്ഥിച്ചു. ഐ.എം.എ.മുൻ ദേശീയ വൈസ്.പ്രസിഡണ്ട് ഡോ.ബാബു രവീന്ദ്രൻ, തലശ്ശേരി ശാഖാ പ്രസിഡണ്ട് ഡോ.. പി.ബി.സജീവ് കുമാർ, സെക്രട്ടറി ഡോ.ജയകൃഷ്ണൻ നമ്പ്യാർ, മുൻ പ്രസിഡണ്ട് ഡോ.രാജീവ് നമ്പ്യാർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.