ശീതളിന് പരിയാരം പ്രസ് ക്ലബ്ബിന്റെ ആദരം

♠ ടി.ക്കെ ജാഫര്‍

അസാമാന്യ ധീരതയിലുടെയാണ് ശീതള്‍ ശശിധരന്‍ മൂന്ന് ജീവനുകള്‍ രക്ഷിച്ചത്. പുറച്ചേരിയിലെ കുളത്തില്‍ലാണ് അപകടമുണ്ടായത്. ആദ്യ ഉദ്യമം ഫലിച്ചില്ലെങ്കിലും മനസാന്നിധ്യം കൈവിടാതെ കുട്ടികള്‍ നീന്താന്‍ ഉപയോഗിച്ച ഫ്‌ളോട്ടിംഗ് കന്നാസുകള്‍ കൊണ്ടുവന്ന് മൂവരേയും രക്ഷിക്കുകയായിരുന്നു.

പരിയാരം: കുളത്തില്‍ മുങ്ങിത്താവുകയായിരുന്ന മൂന്ന് ജീവനുകളെ അസാമാന്യ ധീരതയിലുടെ രക്ഷിച്ച എട്ടാംക്ലാസ്‌കാരിക്ക് പരിയാരം പ്രസ് ക്ലബ്ബിന്റെ ആദരം. കടന്നപ്പള്ളി പുത്തൂര്‍ക്കും ശീതള്‍ ശശിധരനെ പഴയങ്ങാടി പുളിമൂട്ടില്‍ ഫര്‍ണിച്ചര്‍ സെന്ററിന്റെ സഹകരണത്തോടെയാണ് ആദരിച്ചത്.

കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ് ശീതള്‍ ശശിധരന്‍. കഴിഞ്ഞയാഴ്ച്ച പുറച്ചേരിയിലെ കുളത്തില്‍ മുങ്ങിത്താവുകയായിരുന്ന ജീവനുകളാണ് ശീതള്‍ രക്ഷിച്ചെടുത്തത്. മാതൃസഹോദരി ഷൈമയുടെ ഗൃഹപ്രവേശനത്തിനായാണ് സഹോദരി ശില്പയോടൊപ്പമാണ് പുറച്ചേരിയില്‍ എത്തിയത്. ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിന് മുമ്പ് പകല്‍ ഒരു മണിയോടെ സമീപത്തെ കുളത്തിനടുത്ത് എത്തിയതായിരുന്നു ശീതളും, ചേച്ചി ശില്‍പയും, മാതൃ സഹോദരിയായ ഷൈമയും, ഷൈമയുടെ ഒമ്പത് വയസ്സുള്ള മകള്‍ ആരാധ്യയും.

കുളിക്കുന്നതിനിടയില്‍ ആദ്യം കുട്ടിയായ ആരാധ്യ വെള്ളത്തില്‍ മുങ്ങുകയും, രക്ഷിക്കാന്‍ ചെന്ന അമ്മ ഷൈമയും, തുടര്‍ന്ന് ശില്പയും അപകടത്തില്‍ പെടുകയും ചെയ്തു. മൂവരേയും രക്ഷിക്കാന്‍ ശീതളും നീന്തിച്ചെന്നെങ്കിലും ആദ്യ ഉദ്യമം ഫലിച്ചില്ല. മനസ്സാന്നിധ്യം വിടാതെ കരയിലേക്ക് തിരിച്ചു നീന്തി കുളത്തിന്‍ കരയില്‍ കുട്ടികള്‍ നീന്താന്‍ ഉപയോഗിച്ചിരുന്ന ഫ്‌ളോട്ടിംഗ് കന്നാസുകള്‍ കൊണ്ടുവന്ന് മൂവരേയും രക്ഷിക്കുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ഉടനെ എല്ലാവരേയും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സനല്‍കുകയായിരുന്നു.

ശീതള്‍ കാണിച്ച മനോധൈര്യമാണ് മൂവരേയും ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. നാടിന്റെ അഭിമാനമായി മാറിയ ശീതള്‍ ശശിധരനെ ആധരിക്കാന്‍ ശീതളിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പരിയാരം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.വി. പത്മനാഭന്‍ മാസ്റ്റര്‍ ശീതളിന് മൊമെന്റോ കൈമാറി. കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) ജില്ലാ പ്രസിഡന്റ് കരിമ്പം കെ.പി. രാജീവന്‍ ഉപഹാരം നല്‍കി. പയ്യന്നൂര്‍ പ്രസ് ഫോറം പ്രസിഡന്റ് രാഘവന്‍ കടന്നപ്പള്ളി, ജില്ലാ സെക്രട്ടറി ബി.കെ. ബൈജു, പ്രസ് ക്ലബ്ബ് സെക്രട്ടറി പ്രണവ് പെരുവാമ്പ, പ്രസ് ക്ലബ്ബ് ട്രഷറര്‍ അനില്‍ പുതിയ വീട്ടില്‍, ജയരാജ് മാതമംഗലം എന്നിവര്‍ പങ്കെടുത്തു.