കോപ്പയില്‍ ബ്രസീലിനെ വീഴ്ത്തി കപ്പുയര്‍ത്തി അര്‍ജന്റീന

♠ ഹരിത പി.വി

കോപ്പ അമേരിക്കയുടെ ചരിത്ര ഫൈനലില്‍ ബ്രസീലിനെ പരാജയപ്പെടുത്തി അര്‍ജന്റീനക്ക് കിരീടം. ലയണല്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള ടീം ഒരു അന്താരാഷ്ട്ര കിരീടം നേടുന്നത് ഇത് ഇതാദ്യം.

മാരക്കാന: അര്‍ജന്റീന ഫുട്‌ബോള്‍ ആരാധകരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് അന്ത്യം. ഡീഗോ മറഡോണയുടെ പിന്‍ഗാമി, ഫുട്‌ബോളിന്റെ മിശിഹ അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇതാദ്യമായി കിരീടമുയര്‍ത്തിയിരിക്കുന്നു. മാറക്കാനയില്‍ നിന്ന് തലയുയര്‍ത്തി അര്‍ജന്റീനക്ക് മടങ്ങാം. അഭിമാനത്തോടെ, ലക്ഷക്കണക്കിന് ആരാധകരുടെ കാത്തിരിപ്പ് വിഫലമായില്ലെന്ന ആഹ്‌ളാദത്തോടെ.

ബ്രസീലിലെ മാറക്കാന സ്‌റ്റേഡിയത്തിലാണ് കോപ്പ അമേരിക്ക ഫൈനലില്‍ മത്സരം നടന്നത്. ഏയ്ഞ്ചല്‍ ഡി മരിയയിലുടെ നേടിയ ഗോളിലാണ് അര്‍ജന്റീന കപ്പുയര്‍ത്തിയത്. ഒന്നാം പകുതിയിലാണ് ഏയ്ഞ്ചല്‍ ഡി മരിയ വലകുലുക്കിയത്. മറുപടിയായി രണ്ടാം പകുതിയില്‍ ബ്രസീല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അര്‍ജന്റീനയുടെ പ്രതിരോധത്തെ തകര്‍ക്കാനായില്ല. മത്സരത്തിന്റെ അവസാനഘട്ടത്തില്‍ മെസ്സിക്ക് ഗോളടിക്കാനുള്ള അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല.