സ്ത്രീകളുടെ ആത്മാഭിമാനത്തെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യുന്ന സ്ത്രീധന സമ്പ്രദായം സാക്ഷര കേരളത്തിന് അപമാനകരം: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ

ജിദ്ദ: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ സമിതിയുടെ നേതൃത്വത്തിൽ സൗദിയിലെ വിവിധ പ്രവിശ്യകളിലെ ഇസ്ലാഹി സെന്റർ പ്രവർത്തകരുടെ സംയുക്ത സംഗമത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇസ്ലാഹി സെന്റർ ഈ വിഷയത്തിൽ ശക്തമായ അഭിപ്രായം രേഖപ്പെടുത്തിയത്.
സ്ത്രീയെ സമൂഹത്തിന്റെ പാതിയായി കാണുന്നതിന് പകരം വെറുമൊരു ഉപഭോഗവസ്തുവായി കാണുന്ന പ്രാകൃതസംസ്കാരം വെച്ചുപുലർത്തുന്ന വർത്തമാന കേരളം, കാലം മുന്നോട്ടു നീങ്ങുമ്പോഴും പിറകോട്ട് സഞ്ചരിക്കാൻ വെമ്പൽ കൊള്ളുകയാണ്. സ്ത്രീധന സമ്പ്രദായം വിദ്യാസമ്പന്നതയിൽ അഭിമാനം കൊള്ളുന്ന മലയാളി സമൂഹത്തെ സംബന്ധിച്ച് തികച്ചും ലജ്ജാവഹം തന്നെയാണ്.
സ്ത്രീധനത്തെ മതപരമായ തെളിവുകൾ മുൻനിർത്തി നഖശിഖാന്തം എതിർത്തുപോന്ന ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പോരാട്ടം അവസാനിപ്പിക്കാൻ സമായമായിട്ടില്ല. ഇനിയും ഒരു പെൺജീവൻ കൂടി ഹോമിക്കപ്പെടാതിരിക്കാൻ സ്വസമുദായത്തിലും സഹോദര സമുദായങ്ങളിലും ബോധവത്കരണ പ്രവർത്തനങ്ങൾ സജീവമാക്കേണ്ടതുണ്ട്. സ്ത്രീധന രഹിതമായ വിവാഹത്തിന് സന്നദ്ധരാകുന്ന യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളുമായി സർക്കാരും സന്നദ്ധ സംഘടനകളും മുന്നോട്ടു വരണമെന്നും സംഗമത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ആവശ്യപ്പെട്ടു.
സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ സമിതി പ്രസിഡന്റ് ഫാറൂഖ് സ്വലാഹിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ എം ടി മനാഫ് മാസ്റ്റർ, കെ എൽ പി ഹാരിസ്, എം അഹ്‌മദ് കുട്ടി മദനി എടവണ്ണ എന്നിവർ പ്രഭാഷണം നടത്തി. ജി സി സി ഇസ്‌ലാഹി കോ-ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ സലാഹ് കാരാടൻ ആശംസകളർപ്പിച്ച് സംസാരിച്ചു.
ഫോക്കസ് മെമ്പർഷിപ്പ് ക്യാമ്പയിനെ കുറിച്ച് ജരീർ വേങ്ങരയും വെളിച്ചം സൗദി ഓൺലൈൻ പ്രവർത്തനങ്ങൾ ഷാജഹാൻ ചളവറയും വിശദീകരിച്ചു. യൂസുഫ് തോട്ടശ്ശേരി പ്രമേയവതരിപ്പിച്ചു. അസ്‌കർ ഒതായി സ്വാഗതവും സലിം കടലുണ്ടി നന്ദിയും പറഞ്ഞു.






