കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ യുവാക്കള്‍ പുഴയില്‍ മുങ്ങി മരിച്ചു

♠ ഹരിത പി.വി
ചെറുവാഞ്ചേരി: കണ്ണൂരില്‍ രണ്ട് യുവാക്കള്‍ പുഴയില്‍ മുങ്ങി മരിച്ചു. പൂവ്വത്തൂര്‍ പാലത്തിന് സമീപം കൊല്ലംകുണ്ട് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാക്കളാണ് മുങ്ങിമരിച്ചത്. മാനന്തേരി വണ്ണാത്തിമൂല ചുണ്ടയില്‍ ഹൗസില്‍ സി.സി നാജിഷ് (22), പാലക്കൂല്‍ ഹൗസില്‍ പി. മന്‍സീര്‍ (26) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2:30 ഓടെയാണ് സംഭവം. സുഹൃത്തുക്കള്‍കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇരുവരും. അതിനിടെയാണ് അപകടം. ഇരുവരേയും നാട്ടുകാരാണ് കരക്കെത്തിച്ചത്.
ഉടന്‍ ചെറുവാഞ്ചേരിയിലെ പാട്യം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിസാര്‍ – തസ്‌നി ദമ്പതികളുടെ മകനാണ് നാജിഷ്. മട്ടന്നൂരിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരനാണ്. സഹോദരങ്ങള്‍: നകാശ്, നഹിയാന്‍.
മഹമ്മൂദ് – ഹാജിറ ദമ്പതികളുടെ മകനാണ് മന്‍സീര്‍. ഷഷ്‌ന ഏക സഹോദരിയാണ്. ഏതാനും മാസം മുമ്പാണ് വിദേശത്ത് നിന്നും എത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.






