കോവിഡ് വാക്സിൻ ട്രയൽ; പോസ്റ്റർ രചനാ മത്സരം നടത്തുന്നു

മലബാർ കാൻസർ സെൻ്ററിൽ നടക്കുന്ന പുതിയ തരം കോവിഡ് വാക്സിൻ ക്ലിനിക്കൽ ട്രയലിനെ സംബന്ധിച്ച് സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടേയും പൊതുജനങ്ങളുടേയും ഇടയിൽ ബോധവൽക്കരണം നടത്തുവാനുള്ള ഉദ്ദേശത്തോടു കൂടി മലബാർ കാൻസർ സെൻ്ററും കണ്ണൂർ സിസ്ട്രിക്ട് കാൻസർ കണ്ട്രോൾ കൺസോർഷ്യവും ചേർന്ന് പോസ്റ്റർ രചനാ മത്സരം നടത്തുന്നു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അംഗീകാരം നൽകിയതും പ്രാരംഭ പഠനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതുമായ പുതിയ തരം കോവിഡ് വാക്സിൻ എത്രത്തോളം ഉപകാരപ്രദമാണെന്ന് കണ്ടു പിടിക്കാനുള്ള ക്ലിനിക്കൽ ട്രയലാണ് മലബാർ കാൻസർ സെൻ്ററിൽ നടത്തുന്നത്.
ഭാരത സർക്കാരിൻ്റെ കീഴിലുള്ള ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിലിന്റെ മേൽനോട്ടത്തിൽ നടക്കുന്ന വാക്സിൻ ക്ലിനിക്കൽ ട്രയലിൽ 12 വയസ്സിനു മുകളിലുള്ള ഇതുവരെ വാക്സിൻ എടുക്കാത്തവരും കോവിഡ് രോഗം പിടിപെടാത്തവരുമായ രണ്ടായിരത്തോളം വളണ്ടിയർമാരെയാണ് ആവശ്യമുള്ളത്.
കോവിഡ് മഹാമാരിയോട് പൊരുതുവാനും മാനവരാശിയുടെ നന്മക്കായി പ്രവർത്തിക്കുവാനും താല്പര്യമുള്ളവർക്ക് മുന്നണി പോരാളികളാകുവാനുള്ള അവസരമാണ് ലഭിക്കുന്നത്. മേൽപ്പറഞ്ഞ ആശയങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റർ രചനാ മത്സരമാണ് നടത്തുന്നത്. മത്സരത്തിൽ ഏത് വിഭാഗത്തിൽ പെടുന്നവർക്കും പങ്കെടുക്കാം. വിജയികളാവുന്നവർക്ക് സമ്മാനങ്ങളും സാക്ഷ്യപത്രങ്ങളും നൽകുന്നു. രചനകൾ 9447356578 നമ്പറിൽ ജൂലായ് 9 ന് വൈകു. 6.00 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്.






