പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആശുപത്രിയില്‍; ലീഗ് പ്രവര്‍ത്തക സമിതി മാറ്റിവച്ചു

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അസുഖ ബാധിതനായി ആശുപത്രിയില്‍ തുടരുന്നത് കാരണം മുസ്‌ലിം ലിഗ് സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തക സമിതി യോഗം മാറ്റിവെച്ചതായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ച ചെയ്യുന്നതിനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായിരുന്നു പ്രവര്‍ത്തക സമിതി വിളിച്ചുചേര്‍ത്തത്. ഈ മാസം ഏഴ്, എട്ട് തിയതികളില്‍ മഞ്ചേരി യൂണിറ്റി വിമന്‍സ് കോളേജില്‍ ദ്വിദിന പ്രവര്‍ത്തക സമിതി ചേരാനായിരുന്നു തീരുമാനിച്ചിരുന്നത്. പ്രവര്‍ത്തക സമിതി യോഗം മാറ്റിവെച്ചകാര്യം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമാണ് അറിയിച്ചത്.

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആശുപത്രിയില്‍നിന്ന് തിരിച്ചെത്തിയ ശേഷം യോഗത്തിന്റെ പുതിയ തിയതി തീരുമാനിക്കും.