15 വയസ്സുകാരി അഫ്ര പറയുന്നു, ‘എന്റെ കാര്യമല്ല എന്റെ അനുജനെയെങ്കിലും രക്ഷിക്കണം”

♠ ഹരിത പി.വി

മാട്ടൂല്‍: അത്യപൂര്‍വ്വ രോഗം ബാധിച്ച മക്കളെ ചികിത്‌സിക്കാന്‍ വഴികാണാതെ പകച്ചുനില്‍ക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ സ്വദേശി റഫീഖ്, മറിയുമ്മ ദമ്പതികള്‍. മാട്ടൂല്‍ സെന്‍ട്രലില്‍ 14ാം വാര്‍ഡില്‍ താമസിക്കുന്ന ഇവരുടെ മൂന്ന് മക്കളില്‍ മൂത്ത കുട്ടി അഫ്ര(15)ക്കും മൂന്നാമത്തെ കുട്ടി മുഹമ്മദിനുമാണ് എസ്.എം.എ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌പൈനല്‍ മസ്‌ക്കിലാര്‍ എട്രോഫി എന്ന രോഗം ബാധിച്ച് ദുരിതമനുഭവിക്കുന്നത്.

സാധാരണ കുട്ടികളെപോലെ എഴുന്നേറ്റ് നടക്കാനാവാതെ, കിടക്കയിലും വീല്‍ചെയറിലും അല്ലെങ്കില്‍ മാതാപിതാക്കളുടെ ഒക്കത്തുമാണ് ഇവര്‍ രാവും പകലും കഴിച്ചുകൂട്ടുന്നത്. ദിനചര്യകള്‍ ചെയ്യാന്‍പോലും പ്രയാസപ്പെടുകയാണ് ഇവര്‍. കൊച്ചുനാള്‍ മുതലെ അഫ്രയെ ഈ രോഗം കീഴ്‌പെടുത്തിയിരുന്നു. കുടുംബം അഫ്രയെ പരമാവധി ചികിത്സിച്ചുവെങ്കിലും അഫ്രയുടെ രോഗത്തിനുമുമ്പില്‍ വൈദ്യശാസ്ത്രം പരാചയപ്പെടുകയായിരുന്നു.

കേരളത്തില്‍ പലയിടത്തും പുറമെ ബംഗളൂരു, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലും വര്‍ഷങ്ങളോളം അഫ്രയെ ചികിത്‌സിച്ചു. പക്ഷേ, ഫലമൊന്നുമുണ്ടായില്ല. ഇതിനിടയിലാണ് ഈ ദമ്പതികളുടെ മൂന്നാമത്തെ കുട്ടി മുഹമ്മദിനും ഇതേ അസുഖം ശ്രദ്ധയില്‍പെടുന്നത്. ഇപ്പോള്‍ മുഹമ്മദിന് ഒന്നര വയസ്സു പ്രായമുണ്ട്. എന്നാല്‍ അല്‍പം ദേവന സഹിച്ചാണെങ്കിലും പ്രയാസപ്പെട്ട് കുറച്ചുസമയം മറ്റുള്ളവരുടെ സഹായത്തോടെ പിടിച്ച് നില്‍കാനും നടക്കാനും മുഹമ്മദിന് സാധിക്കുന്നത് മുഹമ്മദിന്റെ കാര്യത്തില്‍ ചെറിയ പ്രതീക്ഷ നല്‍കുന്നുണ്ട്. വിദഗ്ധ ഡോക്ടര്‍മാരും സാധ്യത തള്ളുന്നില്ല.

എന്നാല്‍ ചികിത്‌സക്കായി വേണ്ടിവരുന്ന ഒരു ഡോസ് മരുന്നിന്റെ വിലയാണ് കുടുംബത്തിന് മുമ്പില്‍ വെല്ലുവിളിയായിട്ടുള്ളത്. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതല്ല മരുന്നിന്റെ വില. ഒരു ഡോസ് ഇഞ്ചക്ഷന്റെ വില 18 കോടി രൂപയോളം വരും. അമേരിക്കയില്‍നിന്നാണ് മരുന്ന് വരുത്തേണ്ടത്.  ഈ ഇഞ്ചക്ഷന്‍ തല്‍കിയാല്‍ കുട്ടിയുടെ അസുഖം മാറാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. അതുകൊണ്ട്തന്നെയാണ് ‘എന്റെ അസുഖം മാറിയില്ലെങ്കിലും എന്റെ കൊച്ചനുജന്‍ മുഹമ്മദിന്റെ രോഗം സുഖപ്പെടുത്താന്‍” പതിനഞ്ചുകാരി അഫ്രിദ ആവശ്യപ്പെടുന്നത്. നല്ല മനസ്സുള്ളവരുടെ സഹായം ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

നാട്ടുകാരുടെ നേതൃത്വത്തില്‍ മുഹമ്മദിന്റെ ചികിത്‌സക്കായി ഒരു കമ്മിറ്റി രൂപീകരിക്കുകയും ബേങ്ക് അക്കൗണ്ട് തുടങ്ങുകയും ചെയ്തിട്ടുണ്ട്. കല്ല്യാശേരി എം.എല്‍.എ ശ്രീ എം. വിജിന്‍, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി മുഹമ്മദാലി (രക്ഷാധികാരികള്‍), ഫാരിഷ അബിദ് ടീച്ചര്‍ (ചെയര്‍ പേഴ്‌സണ്‍), ടി.പി അബാസ് (കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ കുട്ടിയുടെ ചികിത്‌സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മറിയുമ്മ പി.സി, അക്കൗണ്ട് നമ്പര്‍: 40421100007872, കേരള ഗ്രാമീണ്‍ ബേങ്ക്, മാട്ടൂല്‍ ബ്രാഞ്ച്, ഐ.എഫ്.എസ്.സി കോഡ്: KLGB0040421, മറിയുമ്മ പി.സി, ഫെഡറല്‍ ബേങ്ക് സൗത്ത് ബസാര്‍ ബ്രാഞ്ച്, കണ്ണൂര്‍, അക്കൗണ്ട് നമ്പര്‍: 14610100135466, IFSC: FDRL0001461, SWIFT: FDRL INBBIBD എന്നതാണ് ബേങ്ക് വിവരം. ഗൂഗിള്‍ പേ വഴി 8921223421 എന്ന നമ്പറിയുടെയും സഹായം കൈമാറാവുന്നതാണ്.