വിഴിഞ്ഞത്ത് യുവതി തീ കൊളുത്തി മരിച്ച നിലയിൽ, പൊലീസിനെ കണ്ട് ഓടിയ ഭർത്താവ് പിടിയിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതി തീ കൊളുത്തി മരിച്ച നിലയിൽ. വെങ്ങാനൂർ സ്വദേശി അർച്ചനയെയാണ് (24) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. പയറ്റുവിളയിലെ വീട്ടിൽ വച്ചാണ് യുവതിയെ തീ കൊളുത്തിയ നിലയിൽ കണ്ടെത്തിയത്.
അർച്ചയുടേതു പ്രണയവിവാഹമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. അർച്ചന ഭർത്താവു സുരേഷിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് വീട്ടുകാർ ഇടപെട്ടാണ് വിവാഹം നടത്തിക്കൊടുത്തത്. വിഴിഞ്ഞം പയറ്റുവിളയിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇരുവരും. എന്നാൽ ഇവർ തമ്മിൽ പിന്നീട് വഴക്കുകളുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. തുടർന്നാണ് ഇന്നലെ രാത്രിയോടെ അർച്ചനയെ തീ കൊളുത്തിയ നിലയിൽ കണ്ടെത്തിയത്.
സംഭവമറിഞ്ഞ് പൊലീസെത്തിയപ്പോൾ അർച്ചനയുടെ ഭർത്താവ് സുരേഷ് ഇറങ്ങിയോടുകയായിരുന്നു. പിന്നീട് ഇന്ന് രാവിലെയാണ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുതത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ എന്നും പൊലീസ് പറഞ്ഞു.






