ചിന്തകൾക്ക് മൂർച്ചകൂട്ടുവാൻ വായന അനിവാര്യം: അഡ്വ: പി വി സൈനുദ്ദീൻ

തലശ്ശേരി: ചിന്തകൾക്ക് മൂർച്ച കൂട്ടുവാനും വിശാലമായ അറിവുകൾ സമ്പാദിക്കുവാനും വായന അനിവാര്യമാണെന്ന് കേരള സ്റ്റേറ്റ് വഖഫ് ബോർഡ് അംഗം അഡ്വ: പി.വി സൈനുദ്ദീൻ പ്രസ്താവിച്ചു. തലശ്ശേരി എ പ്ലസ് അക്കാഡമിയും എപിജെ അബ്ദുൽ കലാം ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച വായന ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യൻ വായനയിലൂടെയാണ് ലോകം കാണുന്നതെന്നും വായനയാണ് പൂർണ മനുഷ്യനെ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം തുടന്ന് പറഞ്ഞു. പരിധിയും പരിമിതിയുമില്ലാത്ത സംസ്കാരിക സംരംഭമാണ് വായനയെന്നും വിചാര വിനിമയത്തിനും ബോധവൽക്കരണ സന്നാഹത്തിനും വായന അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ചെയർമാൻ തഫ്ലിം മാണിയാട്ട് അദ്ധ്യക്ഷത വഹിച്ചു. സിനിമ പിന്നണി ഗായകൻ എം. മുസ്തഫ മാസ്റ്റർ വായനാദിന സന്ദേശം നൽകി. റിട്ട. അസിസ്റ്റൻറ് കമാൻഡന്റ് ഓഫ് പോലീസ് വി.കെ അബ്ദുൽ നിസാർ മുഖ്യാതിഥിയായി. പ്രൊഫ. എ.പി സുബൈർ, അനീഷ് പാതിരിയാട്, അഡ്വ. ടി.പി സാജിദ്, മുഹമ്മദലി ചാലിക്കര, സി. ഹാരിസ് ഹാജി, നൂറാ നാസർ ആശംസകൾ നേർന്നു. ശിൽപ വിജിത്രൻ സ്വാഗതവും ആയിഷ നൗരിൻ നന്ദി അറിയിച്ചു.