മോഹനന്‍ വൈദ്യര്‍ കൊവിഡ് ബാധിതനായിരുന്നുവെന്ന് സ്ഥിരീകരണം

♣ പി.വി ഹരിത

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച നാട്ടുവൈദ്യന്‍ മോഹനന്‍ വൈദ്യര്‍ കൊവിഡ് ബാധിതനായിരുന്നുവെന്ന് സ്ഥിരീകരണം. മരണാനന്തരം നടത്തിയ പരിശോധനയിലാണ് മോഹനന്‍ നായര്‍ എന്ന മോഹനന്‍ വൈദ്യര്‍ കൊവിഡ് വൈറസ് ബാധിതനായിരുവെന്ന് സ്ഥിരീകരണം ഉണ്ടായിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് മോഹനന്‍ വൈദ്യര്‍ മരിച്ചത്. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

മോഹനന്‍ വൈദ്യര്‍ ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പ്രചാരണം നടത്തിയിരുന്നു. അശാസ്ത്രീയ ചികിത്സാ രീതികളുടെ പേരില്‍ മേഹനന്‍ വൈദ്യര്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഒന്നര വയസ്സുകാരി മരിച്ച സംഭവത്തിലടക്കം ചികിത്സാ പിഴവിന്റെ പേരില്‍ മോഹനന്‍ വൈദ്യര്‍ക്കെതിരെ കേസുകളുണ്ട്. നിപ വൈറസിനെതിരെ പ്രചരണം നടത്തിയതുകൂടാതെ കോവിഡിനെതിരെ ചികിത്‌സയുണ്ടെന്നും അവകാശപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മോഹനന്‍ വൈദ്യരുടെ ചികിത്സാ കേന്ദ്രത്തില്‍ പോലീസ് പരിശോധന നടത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അവസാനം മരണശേഷം മോഹനന്‍ വൈദ്യര്‍ കൊവിഡ് ബാധിതനായിരുന്നുവെന്ന സ്ഥിരീകരണമാണ് പുറത്തിവന്നിട്ടുള്ളത്.