മലബാർ കാൻസർ സെൻ്ററിൽ കോവിഡ് വാക്സിൻ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നു

തലശ്ശേരി : കാൻസർ രോഗ ചികിത്സക്ക് രാജ്യാന്തര പ്രശസ്തിയുള്ള തലശ്ശേരി കോടിയേരിയിലെ മലബാർ കാൻസർ സെൻ്ററിൽ കോവിഡ് 19 നിർമ്മാർജന വാക്സിൻ ഗവേഷണം തുടങ്ങുന്നു. ഇതിനായുള്ള അനുമതിയും അംഗീകാരവും സ്ഥാപനം നേടിയതായി ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം തലവൻ ഡോ. ചന്ദ്രൻ കെ.നായർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കാൻസർ ചികിത്സയിലും പ്രതിരോധ പ്രവർത്തനങ്ങളിലും മലബാർ കാൻസർ സെൻ്റർ കൈവരിച്ച നേട്ടങ്ങളും ഇവിടെ നിലവിലുള്ള സൌകര്യങ്ങളും ആധുനിക ഉപകരണ ലഭ്യതയും കണക്കിലെടുത്താണ് എം.സി.സി യെ കോ വിഡ് വാക്സിൻ വികസിപ്പിച്ചെടുക്കുന്ന രാജ്യത്തെ പഠന ഗവേഷണ കേന്ദ്രങ്ങളിൽ ഒന്നായി ശാസ്ത്ര സാങ്കേതിക മന്ത്രാലയം തിരഞ്ഞെടുത്തത്.  സംസ്ഥാനത്തിന് ലഭിക്കുന്ന വിലപ്പെട്ട അംഗീകാരമാണിത്. ഇടക്കിടെ ജനിത മാറ്റം വരുത്തി മനുഷ്യരാശിയെ കടന്നാക്രമിക്കുന്ന കൊറോണ മഹാമാരിയെ ചെറുക്കാനുള്ള പുതിയ തരം വാക്സിൻ കണ്ടെത്തുകയാണ് ലക്ഷ്യം.

12 വയസിന് മുകളിലുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവർക് ഇതിൻ്റെ പ്രയോജനം ലഭിക്കും. വാക്സിൻ നിർമ്മാണത്തിനുള്ള പ്രാരംഭ ഘട്ടങ്ങൾ പൂർത്തീകരികരിച്ച് ഐ.സി.എം.ആർ., റെഗുലേറ്ററി അതോറിറ്റി എന്നിവർ അംഗീകരിച്ചതിന് ശേഷമാവും ആളുകൾക്ക് നൽകുന്നത്. ഇതിനായി ജനപ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ, വിവിധ മേഖലകളിലെ പ്രഗത്ഭർ എന്നിവരെ ഉൾപെടുത്തി എം.സി.സി. പ്രത്യേകമായി എത്തിക്സ് കമ്മിററി രൂപീകരിച്ചു കഴിഞ്ഞു. വാക്സിൻ ഗവേഷണത്തിനായി 1.6 കോടി രൂപയുടെ ഫണ്ട് അനുവദിക്കപ്പെട്ടിട്ടുണ്ട്. ഗവേഷണത്തിനും പരീക്ഷണങ്ങൾക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. അടുത്ത മാസത്തോടെ പ്രവർത്തനം തുടങ്ങും. തികച്ചും ഒരു അർബുദ ചികിത്സാ കേന്ദ്രമായിട്ടും സാമൂഹ്യ ചികിത്സാ കേന്ദ്രമായിട്ടും സാമൂഹ്യ പ്രതിബദ്ധതയുടെ പേരിലാണ് എം.സി.സി. ഇത്തരമൊരു ഭാരിച്ച ഉത്തരവാദിത്വത്തിന് തയ്യാറാവുന്നതെന്ന് ഡോക്ടർ ചന്ദ്രൻ കെ നായർ പറഞ്ഞു. പഠന ഗവേഷണവും പരീക്ഷണവും പൂർത്തിയായാൽ രാജ്യത്ത് ഇപ്പോൾ തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന കോവി ഷീൽഡ്, കോ- വാക്സിൻ എന്നിവയ്ക്കൊപ്പം മൂന്നാമതൊരു വാക്സിൻ ലഭ്യതക്കാവും എം-സി.സി.സജ്ജമാവുന്നത്. മററ് വാക്സിൻ കുത്തിവെപ്പ്രു സ്വീകരിക്കാത്തവരെയും ഇതേ വരെ കോ വിഡ് പിടിപെടാത്തവരിലുമാവും പുതിയ വാക്സിൻ പരീക്ഷിക്കുന്നത്. ഒരു വർഷത്തിനകം ഇതിനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

വാർത്താ സമ്മേളനത്തിൽ സെൻ്ററിലെ കമ്യൂണിറ്റി ഓങ്കോളജി വിഭാഗം മേധാവി ഡോ. എ.പി നീതു, അഡ്മിനിസ്ട്രേറ്റർ ടി. അനിത എന്നിവരും സംബന്ധിച്ചു.