നല്ല സാഹചര്യം വരുമ്പോള്‍ ആദ്യം തന്നെ ആരാധനാലയങ്ങള്‍ തുറക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

♠ പി.വി ഹരിത
തിരുവനന്തപുരം: കൊവിഡ് രോഗബാധകുറഞ്ഞ് ഏറ്റവും നല്ല സാഹചര്യം വരുമ്പോള്‍ ആദ്യം തന്നെ ആരാധനാലയങ്ങള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത ബുധനാഴ്ച വരെ ഇപ്പോഴത്തെ നില തുടരും. ഒരാഴ്ചക്ക് ശേഷം കുറച്ച് കൂടി ഇളവുകള്‍ നല്‍കാനായേക്കും. ആരാധനാലയങ്ങള്‍ പൂര്‍ണമായി അടച്ചിടുകയല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ലോക്‌ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ എപ്പോള്‍ തുറക്കുമെന്ന കാര്യത്തില്‍ വ്യക്തത നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
രോഗവ്യാപന തോത് കുറയുന്ന സാഹചര്യമാണ് ഇപ്പോഴുണ്ട്. എന്നാല്‍ ഒരാഴ്ചക്ക് ശേഷം മാത്രമെ ഒരു തീരുമാനത്തില്‍ എത്താല്‍ കഴിയുകയുള്ളു. സീരിയല്‍ അടക്കമുള്ള ഇന്‍ഡോര്‍ ഷൂട്ടിംങ്ങുകളിലും, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിലും ഒരാഴ്ച കഴിഞ്ഞ് പരിശോധിച്ച് തീരുമാനിക്കും.
ടിപിആര്‍ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ചുള്ള നിയന്ത്രണങ്ങളാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. ലോക്ക്‌ഡൌണ്‍ ഘട്ടത്തില്‍ പുലര്‍ത്തിയ ജാഗ്രത തുടരണം. ഇരട്ട മാസ്‌കുകള്‍ ധരിക്കണം. ചെറിയ കൂടിച്ചേരലുകള്‍ ഒഴിവാക്കണം. വീടുകള്‍ക്ക് അകത്തും കരുതല്‍ സ്വീകരിക്കണം. അടുത്ത് ഇടപഴകലും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കണം, കടകളിലും തൊഴിലിടങ്ങളിലും അതീവ ജാഗ്രത വേണം എന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.






