മോഷ്ടാവിൻറെ സഹോദരിയുടെ പണം തട്ടിയ കേസിൽ കുറ്റാരോപിതനായ  പോലീസുകാരന്റെ മുൻകൂർ ജാമ്യ വിധി 21 ലേക്ക് മാറ്റി

തലശ്ശേരി: മോഷണക്കേസിൽ അറസ്റ്റിലായ പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം കവർന്ന കേസിൽ കുറ്റാരോപിതനായ തളിപറമ്പിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ ഇ.എൻ. ശ്രീകാന്ത് അറസ്റ്റ് ഭയന്ന്  നൽകിയ മുൻകൂർ ജാമ്യ ഹർജിയിലെ വിധി 21 ലേക്ക് മാറ്റി. ഇതോടെ മൂന്നാം തവണയാണ് വിധി പ്രസ്താവം മാറ്റി വയ്ക്കുന്നത്.  പ്രതി ശ്രീകാന്ത് ഒളിവിലാണുള്ളത്. ഇയാളെ പോലീസിൽ നിന്നും സസ്പൻറ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് കവർച്ചക്കേസിൽ അറസ്റ്റിലായ തളിപറമ്പ് പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ ടി.ഗോകുലിൻ്റെ കൈയ്യിൽ നിന്നും കൈക്കലാക്കിയ എ.ടി.എം.കാർഡ് ഉപയോഗിച്ച് ശ്രീകാന്ത് അര ലക്ഷത്തോളം രൂപ പിൻവലിച്ചിരുന്നു. കവർച്ചക്കാരൻ്റെ സഹോദരിയുടേതായിരുന്നു എ.ടി.എം.കാർഡ്.

തുക പിൻവലിച്ചതായുള്ള സന്ദേശം സഹോദരിയുടെ ഫോണിൽ എത്തിയതോടെയാണ് പോലീസുകാരൻ്റെ കള്ളക്കളി വെളിപ്പെട്ടത്. സ്വന്തമായി ബാങ്ക് അക്കൌണ്ടില്ലാത്ത കവർച്ചക്കാരൻ ഗോകുൽ സഹോദരിയുടെ അക്കൌണ്ടിൽ നിക്ഷേപിച്ച തൊണ്ടി സംഖ്യയാണ് അന്വേഷണ ഉദ്യോഗസ്ഥനായ പോലീസുകാരൻ സൂത്രത്തിൽ പിൻവലിച്ച് കൈക്കലാക്കിയിരുന്നത്. ഇതിനകം വിവാദമായ കേസിൽ പരാതി പിൻവലിക്കാനുള്ള നീക്കവും നടക്കുന്നതായി വിവരം പുറത്ത് വരുന്നുണ്ട്.