ആഞ്ഞടിച്ച മഴക്കാറ്റിൽ കോടതി കോംമ്പൗണ്ടിൽ വ്യാപക നാശനഷ്ടം

തലശ്ശേരി:ഇന്ന് കാലത്ത് പത്തു മണിയോടെ ആഞ്ഞുവീശിയ, മഴക്കാറ്റിൽ തലശ്ശേരി കോടതി കോംമ്പൗണ്ടിൽ വ്യാപകമായ നാശനഷ്ടം നേരിട്ടു. പുതുതായി പണിത ബാർ അസോസിയേഷൻ കാൻ്റീൻ കെട്ടിടത്തിൻ്റെ മേൽക്കൂര ഭാഗങ്ങൾ തെന്നി പറന്നു. ജില്ലാ കോടതി കെട്ടിടത്തിലെ കോർട്ട് ഹാളിനടുത്ത മുറിയുടെ ഓട് തകർന്നു. മുൻസീഫ് കോടതി കെട്ടിടത്തിൽ ഉൾപെടെ ചോർച്ച അനുഭവപ്പെട്ടു. നിർമ്മാണത്തിലിരിക്കുന്ന പുതിയ കോർട്ട് കോംപ്ളക്സ് സ്ഥലത്തെ കുഴിയിൽ വെള്ളം നിറഞ്ഞതിനാൽ പ്രവൃത്തി തടസ്സപ്പെട്ടുകിടപ്പാണ് .
കോടതിക്ക് മുന്നിലെ തണൽമരത്തിൻ്റെ വലിയ ശിഖരം പൊട്ടിവീണതിനാൽ ദേശീയ പാതയിൽ നിന്നും ജോസ്ഗിരി ആശുപത്രിയിലേക്ക് നീളുന്ന അനുബന്ധ റോഡിൽ ഗതാഗതം മുടങ്ങി. നഗരത്തിൽ നിന്നും അഗ്നിശമന സേനാ ഭടന്മാരെത്തി മരച്ചില്ലകൾ വെട്ടി നീക്കിയാണ് യാത്രാ തടസ്സം ഒഴിവാക്കിയത്. ഇതേ സമയം പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്തുള്ള കെട്ടിടത്തിൻ്റെ മേൽപ്പുരയിലുള്ള ആസ്ബസ്സ്റ്റോസ് ഷീറ്റും പറന്ന് വീണു. ഇതിനിടെ ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിനടുത്ത റോഡിൽ നിർത്തിയിട്ട നാനോ കാറിൻ്റെ ബോണററിനുള്ളിൽ തീയാളിയത് പരിഭ്രാന്തിക്കിടയാക്കി. കെ.എൽ. 58 എഫ് 4319 കാറിൻ്റെ ബാറ്ററിയിൽ നിന്ന് ആളിയ തീയും പുകയും ഫയർ സർവീസ് എത്തി അണച്ചു.






