രമ്യ ഹരിദാസ് എംപിക്കെതിരെ വധ ഭീഷണി, പോലീസിന് പരാതി നല്‍കി

♠ ഹരിത പി.വി

പാലക്കാട്: സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ ആലത്തൂര്‍ നഗരത്തില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ രമ്യ ഹരിദാസ് എംപിക്കെതിരെ വധ ഭീഷണിയുണ്ടായതി പരാതി. ഇത് സംബന്ധിച്ച് ആലത്തൂര്‍ എംപിയായ രമ്യ ഹരിദാസ് പോലീസില്‍ പരാതി നല്‍കി. സിപിഎം പ്രവര്‍ത്തകരായ ആലത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നാസര്‍, നജീബ് കണ്ടാലറിയാവുന്ന മറ്റ്ഏഴ് പേര്‍ എന്നിവര്‍ക്കെതിരെയാണ് രമ്യ ഹരിദാസ് പോലീസിന് പരാതി നല്‍കിയിട്ടുള്ളത്.

ആലത്തൂരില്‍ കാലു കുത്തിയാല്‍ കാലു വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് രമ്യ ഹരിദാസ് പറയുന്നത്. തന്നെ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ജനപ്രതിനിധിയെന്ന നിലയില്‍ ആളുമായി ഇടപെടല്‍ തന്റെ കടമയാണ്. എന്നാല്‍ സി.പി.എമ്മുകാര്‍ക്ക് ഇത് ദഹിക്കുന്നില്ല. അവര്‍ എന്താ ചെയ്യുന്നതെന്ന് അവര്‍ക്കേ അറിയുള്ളൂവെന്ന് സിപിഎം പ്രവര്‍ത്തകരെ കുറിച്ച് എംപി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം തടസപ്പെടുത്തുകയാണ് സി.പി.എമ്മുകാര്‍. തെരഞ്ഞെടുപ്പ് സമയത്ത് ആലത്തൂരില്‍ കല്ലെറിഞ്ഞു ആത്രമിച്ചു. അതിനുശേഷം രണ്ട് തവണയായി ഭീഷണിപ്പെടുത്തിയെന്നും രമ്യ പറയുന്നു.