കോവിഡ് വാക്‌സിനെടുത്തവരില്‍ 65 ശതമാനം സമ്പൂര്‍ണ പ്രതിരോധശേഷിയെന്ന് പഠന റിപ്പോര്‍ട്ട്

♠ഹരിത പി.വി

ചെന്നൈ: കോവിഡിനെതിരെയുള്ള പ്രതിരോധ വാക്‌സിനെടുത്തവര്‍ക്ക് 65 ശതമാനം സമ്പൂര്‍ണ പ്രതിരോധശേഷിയെന്ന് ആരോഗ്യപ്രവര്‍ത്തകരില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് (സി.എം.സി.) നടത്തിയ പഠനത്തിലാണ് വാക്‌സിനെടുത്തവര്‍ സുരക്ഷിതമെന്ന് കണ്ടെത്തിയത്. വാക്‌സിനെടുത്തവരില്‍ രോഗം ബാധ ഉണ്ടായാലും ആശുപത്രിയില്‍ ചികിത്സതേടേണ്ട അവസ്ഥ 23 ശതമാനം മാത്രമാണ്. അതേസമയം കൃത്രിമ ഓക്‌സിജന്‍ വേണ്ടിവരുന്ന അവസ്ഥ എട്ട് ശതമാനവും തീവ്രപരിചരണം വെറും ആറ് ശതമാനവുമാണെന്നും പഠനത്തില്‍ വ്യക്താായതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ് ചികിത്സനല്‍കുന്ന വെല്ലൂരിലെ പ്രധാന ആശുപത്രികളിലൊന്നാണ് സി.എം.സി. കോവിഡിന്റെ ആദ്യ വകഭേദത്തിനെതിരേയുള്ള പ്രതിരോധശേഷിയെ കുറിച്ചായിരുന്നു പഠനം. കോവിഡ് രോഗികളുമായി നിരന്തരം ഇടപെടേണ്ടിവരുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 65 ശതമാനം സുരക്ഷലഭിക്കുമെങ്കില്‍ സാധാരണ ആളുകള്‍ക്ക് ഇതിനേക്കാള്‍ കൂടുതല്‍ സുരക്ഷയാണ് ലഭിക്കുക.

രണ്ട് ഡോസ് വാക്‌സിനെടുത്ത 7,080 ജീവനക്കാരില്‍ 10 ശതമാനത്തില്‍ താഴെ പേരിലാണ് രോഗം സ്ഥിിരീകരിച്ചത്. ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച 1,878 പേരില്‍ 200 പേര്‍ക്കും വാക്‌സിനെണുത്ത ശേഷം കോവിഡ് സ്ഥിിരീകരിച്ചു. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കാത്ത 1,609 പേരില്‍ 438 പേര്‍ക്കും രോഗം ബാധിച്ചു. വാക്‌സിന്റെ ഫലപ്രാപ്തിയെ കുറിച്ചുള്ള ആഴത്തിലുള്ള ഗവേഷണമല്ല നടത്തിയതെന്നും ഈ പഠനത്തിന് നിരീക്ഷണ സ്വഭാവമാണുള്ളതെന്നും സി.എം.സി.അധികൃതര്‍ വ്യക്തമാക്കി.