ഇത്തവണ ഹാജിമാരുടെ താമസത്തിന് 3 പാക്കേജുകള്‍ മാത്രം

മക്ക: ഈ വര്‍ഷത്തെ ഹജജില്‍ 3 പാക്കേജുകള്‍ മാത്രമേ ഉള്ളൂവെന്ന് സ്ഥിരീകരിച്ചതായി അറബ് വാര്‍ത്താചാനലായ അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു. ബന്ധപ്പെട്ട അധികൃതരില്‍നിന്നും ലഭിച്ച വിവരമനുസരിച്ച് 3 പാക്കേജുകളില്‍ രണ്ട് പാക്കേജുകളിലുള്ള ഹാജിമാരുടെ മിനായിലെ താമസം മിന ടവറുകളിലും, മൂന്നാമത്തെ പാക്കേജിലുള്ളവര്‍ ഹജജ് ക്യാമ്പിലെ തമ്പുകളിലുമായിരിക്കുമെന്ന് അല്‍ അറേബ്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് പ്രതിരോധ നടപടികള്‍ പാലിക്കല്‍ ഉറപ്പ് വരുത്തി, ശാരീരിക അകലം പാലിച്ചുകൊണ്ട് ബസ്സില്‍ മാത്രമായിരിക്കും ഹാജിമാരുടെ പുണ്യ സ്ഥലങ്ങളിലുള്ള സഞ്ചാരം. ഈ വര്‍ഷം ട്രെയിന്‍ വഴിയുള്ള ഹാജിമാരുടെ യാത്ര ഉണ്ടായിരിക്കില്ല.

തീര്‍ത്ഥാടകരുടെ താപനില തുടര്‍ച്ചയായി അളക്കുന്നതിനായി മിനായില്‍ മെഡിക്കല്‍ സംഘത്തെ സജജമാക്കും. മക്കയില്‍ തീര്‍ത്ഥാടകരെ സേവിക്കാന്‍ 13 ആശുപത്രികളും സജജമാക്കുന്നതിനു പുറമെ അതില്‍ 3 എണ്ണം ഹജജ് കര്‍മ്മം നടക്കുന്ന മശാഇറുകളിലുമായിരിക്കും ഒരുക്കുക.

ഈ വര്‍ഷം 60,000 തീര്‍ഥാടകര്‍ക്കു മാത്രമായി ഹജജ് തീര്‍ത്ഥാടനം പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതില്‍ സൗദി പൗരന്‍മാരുടെയും സൗദിയുലുള്ള പ്രവാസികളുടേയും ശതമാനം എത്രയായിരിക്കണമെന്നത് ഇതുവരെ നിശ്ചയിച്ചിട്ടില്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള ഹജജ് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങുന്നതോടെ ഇത്‌സംബന്ധമായ വ്യക്തത അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകും.