മുബാറക്കിനെ വിജയ സോപാനത്തിലെത്തിച്ച് ഹെഡ്മാസ്റ്റര്‍ കെ മുസ്തഫ പടിയിറങ്ങുന്നു

തലശ്ശേരി: മുബാറക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ ജില്ലയിലെ മികച്ച വിദ്യാലയമാക്കി മാറ്റി 30 വര്‍ഷത്തെ സേവനത്തിനുശേഷം ഹെഡ്മാസ്റ്റര്‍ കെ മുസ്തഫ നാളെ(മെയ് 31ന്) സര്‍വീസില്‍ നിന്ന് വിരമിക്കുകയാണ്.
എസ് എസ് എല്‍ സി പരീക്ഷയില്‍ 100% വിജയം കരസ്ഥമാക്കി സ്‌കൂളിന് ചരിത്ര നേട്ടം സമ്മാനിച്ചാണ് ഹെഡ്മാസ്റ്റര്‍ കെ മുസ്തഫ പടിയിറങ്ങുന്നത്. സ്‌കൂളിന്റെ അക്കാദമിക രംഗം മികവുറ്റതാക്കുന്നുതിലും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിലും നേതൃത്വം നല്‍കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
സ്‌കൂളിനെ ഹൈടെക് വിദ്യാലയമാക്കി നാടിന് സമര്‍പ്പിക്കുന്നതിനും സമര രഹിത വിദ്യാലയമാക്കി തികഞ്ഞ അച്ചടക്കമുള്ള സ്‌കൂളാക്കി മാറ്റാനും സാധിച്ചിട്ടുണ്ട്. പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സ്‌കൂളിന്റെ മികവ് ഉയര്‍ത്താന്‍ നേതൃത്വം നല്‍കുകയുണ്ടായി. സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളിലും ശാസ്ത്ര കായിക മേളകളിലും മികച്ച പ്രകടനം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും എന്നും പിന്തുണയായി മുന്നിലുണ്ടായിരുന്നു.
1991ല്‍ ഹൈസ്‌കൂള്‍ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2007 മുതലാണ് ഹെഡ്മാസ്റ്ററായി പ്രമോഷന്‍ ലഭിച്ചത്. നീണ്ട 14 വര്‍ഷം ഹെഡ്മാസ്റ്റര്‍ പദവിയിലിരിക്കുന്ന സമയത്താണ് സ്‌കൂളില്‍ സ്‌കൗട്ട്, ഗൈഡ്, ജെ ആര്‍ സി യൂണിറ്റുകള്‍ രൂപീകരിച്ചതും മികച്ച യൂണിറ്റുകള്‍ക്കുള്ള പുരസ്‌കാരം നേടാനായതും.
സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളെ പങ്കാളികളാക്കികൊണ്ട് നേതൃത്വം നല്‍കാന്‍ തന്റെ സേവന കാലഘട്ടത്തില്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക, ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് സഹായകമായി ഒരു രൂപ പദ്ധതി, മലബാര്‍ കാന്‍സര്‍ സെന്റെറിലെ രോഗികള്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പദ്ധതികളില്‍ വിദ്യാര്‍ത്ഥികളുടെ കൈയ്യൊപ്പ് ചാര്‍ത്തി കാരുണ്യത്തിന്റെ അക്ഷര വെളിച്ചം പകര്‍ന്നു നല്‍കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ സാധിച്ചു.
മാനേജ്‌മെന്റ്, പി ടി എ, ടി എം എ, കെയര്‍ ആന്റ് ക്യൂര്‍, മുബാറക് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളായ മോസ, മിസ എന്നിവയുടെ പിന്തുണ സ്‌ക്കൂളിന്റെ വിജയകരമായ മുന്നേറ്റത്തില്‍ ഏകോപിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.
മാതൃഭൂമിയുടെ നന്മ പ്രത്യേക പുരസ്‌കാരം, മലയാള മനോരമയുടെ നല്ലപാഠം ജില്ലാ പുരസ്‌കാരം എന്നിവയും ഈ കാലഘട്ടത്തില്‍ സ്‌കൂളിനെ തേടിയെത്തിയിട്ടുണ്ട്. തലശ്ശേരി നഗരസഭയിലെ മികച്ച പ്രധാനാധ്യാപകര്‍ക്കുള്ള ടി എം എ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
കെ എസ് ടി യു ജില്ലാ വൈസ് പ്രസിഡണ്ട്, കേരള പ്രൈവറ്റ് സ്‌ക്കൂള്‍ ഹെഡ്മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ തലശ്ശേരി വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ കെ പി എസ് എച്ച് എ സംസ്ഥാന സമിതി അംഗമാണ്. അട്ടമ്പായിന്റവിട ആയിഷയുടെയും കെ പോക്കറിന്റെയും മകനാണ്. ചുണ്ടങ്ങാപൊയിലില്‍ സായയില്‍ വി കെ റജീലയാണ് ഭാര്യ. മക്കള്‍: റസീം (ബാംഗ്‌ളൂര്‍), റന (എം സി എ വിദ്യാര്‍ത്ഥിനി) സന്‍ഹ, ഹിന (ഇരുവരും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍)






