ലോക് ഡൗൺ ഇളവുകളിലെ ഏകോപനമില്ലായ്മ; വാഹന ഉടമകളും വർക്ഷോപ്പ് നടത്തിപ്പുകാരും ദുരിതത്തിൽ

തലശ്ശേരി: ലോക് ഡൗൺ ഇളവുകളിലെ ഏകോപനമില്ലായ്മ കാരണം ജനങ്ങൾ നെട്ടോട്ടത്തിൽ. വർക് ഷോപ്പുകളുടെ പ്രവർത്തനവും അവതാളത്തിലായി. ലോക് ഡൗൺ നീട്ടുന്നതിനോടൊപ്പം അധികൃതർ ഇറക്കിയ ഇളവുകളിലെ ഏകോപനമില്ലായ്മയിൽ വർക്ഷോപ്പ് ഉടമകളും വാഹനം റിപ്പയറിപ്പയറിങിനായി എത്തുന്നവരും കഷ്ടത്തിലായി.
നിലവിൽ വർക് ഷോപ്പുകൾ ആഴ്ചയിൽ ശനി, ഞായർ ദിവസങ്ങളിൽ തുറക്കുന്നതിനാണ് അനുമതി നൽകിയത്. എന്നാൽ സ്പെയർ പാർട്സ് കടകൾ തുറക്കുന്നതിന് തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് അനുമതി. വണ്ടികളുടെ അറ്റകുറ്റപ്പണികൾക്കായി വർക് ഷോപ്പുകളിൽ എത്തുന്നവർ സ്പെയർ പാർട്സുകൾ ലഭിക്കാതെ നെട്ടോട്ടമോടുന്ന അവസ്ഥയിലുമാണുള്ളത്. അത്യാവശ്യത്തിനു റിപ്പറിനെത്തുന്ന വാഹനങ്ങൾ സ്പെയർ പാർട്സുകൾ ലഭിക്കില്ലെന്ന കാരണത്താൻ തിരിച്ചു പോകേണ്ട അവസ്ഥയിലുമാണ്. ലോക് ഡൗൺ കാലത്ത് നിരത്തിലിറക്കാനാവാതെ നിരവധി വാഹനങ്ങൾ കട്ടപ്പുറത്തായിക്കിടക്കുകയാണ്. വർക് ഷോപ്പുകളും അനുബന്ധമായിക്കിടക്കുന്ന സ്പെയർ പാർട്സ്, ടയർ, ഓയിൽ, പെയിന്റ് കടകൾ ഒരേ ദിവസം തുറക്കുവാൻ അനുമതി നൽകിയെങ്കിൽ മാത്രമെ ലോക് ഡൗൺ കാലയളവിൽ പ്രഖ്യാപിച്ച ഇളവുകൾ കൊണ്ട് ജനങ്ങൾക്ക് ഉപകാരപ്രദമാകുകയുള്ളൂ.






