പുകയില വിരുദ്ധ -ലഹരി വിരുദ്ധ മാസാചരണം നടത്തുന്നു

കൊടിയേരി: കോടിയേരി മലബാര്‍ കാന്‍സര്‍ സെന്റെറിന്‍േറയും കണ്ണൂര്‍ ഡിസ്ട്രിക്ട് കാന്‍സര്‍ കണ്ട്രോള്‍ കണ്‍സോര്‍ഷ്യത്തിന്‍േറയും ആഭിമുഖ്യത്തില്‍ 2021 മെയ് 31 മുതല്‍ ജൂണ്‍ 26 വരെ വിവിധ പരിപാടികളും മത്സരങ്ങളും ഉള്‍പ്പെടുത്തി വിപുലമായി പുകയില വിരുദ്ധ -ലഹരി വിരുദ്ധ മാസാചരണം നടത്തുന്നു.

2021 മെയ് 31 ന് ലോക പുകയില വിരുദ്ധ ദിനാചരണം. ജയില്‍ ഡി ജി പിയും മുന്‍ എക്‌സൈസ് കമ്മീഷണറുമായ ശ്രീ. ഋഷിരാജ് സിംഗ് ഐ.പി.എസ് മലബാര്‍ കാന്‍സര്‍ സെന്റര്‍ സെമിനാര്‍ ഹാളില്‍ വെച്ച് ഉദ്ഘാടനം നിര്‍വ്വത്തിക്കും. തുടര്‍ന്ന് വെബിനാര്‍ വഴി ഡോ. സതീശന്‍ ബാലസുബ്രഹമണ്യം നല്‍കുന്ന പുകയില വിരുദ്ധ സന്ദേശവും ഡോ. ഫിന്‍സ് എം ഫിലിപ്പ്, ജിഷ അബ്രഹാം എന്നിവര്‍ നയിക്കുന്ന ബോധവല്‍ക്കരണ ക്ലാസ്സുകളും ഉണ്ടായിരിക്കും.

അന്നുതന്നെ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി മൊബൈല്‍ ഫോണ്‍ ഫോട്ടോഗ്രഫി മത്സരം നടത്തും. മത്സരാര്‍ത്ഥികള്‍ കുടുംബത്തോടൊപ്പം ‘നമുക്ക് പുകയിലയോട് വിട പറയാം’ എന്നുള്ള ആശയം വരുന്ന മുദ്രാവാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്‌ളക്കാര്‍ഡുകള്‍ പിടിച്ചുകൊണ്ട് കുടുംബത്തോടൊപ്പമുള്ള മൊബൈല്‍ ഫോണ്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത്, സ്‌ക്രീന്‌ഷോട്ട് എടുത്ത് മെയ് 31 ന് വൈകുന്നേരം 6.00 മണിക്ക് മുമ്പായി 9447136495 എന്ന നമ്പറില്‍ വാട്ട്‌സാപ്പ് വഴി അയക്കണം.

ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനം ആചരിക്കും. മലബാര്‍ കാന്‍സര്‍ സെന്റര്‍ ക്യാമ്പസില്‍ ഡോ. സതീശന്‍ ബാലസുബ്രഹ്‌മണ്യം, റിട്ട. ജോയ്ന്റ് എക്‌സൈസ് കമ്മീഷണര്‍ പി കെ സുരേഷ് എന്നിവരുടെ നേതൃത്യത്തില്‍ ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കും. ജൂണ്‍ 6 ന് പ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കും. പുകയിലക്കും ലഹരിക്കുമെതിരെ കുടുംബശ്രീ അംഗങ്ങളേയും വിദ്യാര്‍ത്ഥികളേയും പൊതുജനങ്ങളേയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് പ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കുക. മുന്‍കൂട്ടി തയ്യാര്‍ ചെയ്തു നല്‍കുന്ന നൂറു ചോദ്യങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴിയാണ് ആയാണ് ഉത്തരം നല്‍കേണ്ടത്. മത്സരത്തില്‍ വിജയികളാവുന്നവര്‍ക്ക് സമ്മാനം ലഭിക്കും. ജൂണ്‍ 8 ന് അനുഭവക്കുറിപ്പ് മത്സരം നടത്തും. ലഹരിയുമായി ബന്ധപ്പെട്ട് നേരിട്ട് അനുഭവിച്ചതോ, കണ്ടതോ, കേട്ടതോ, ഇടപെട്ടതോ ആയ സംഭവങ്ങളെക്കുറിച്ച് കുറിപ്പുകള്‍ തയ്യറാക്കി അയച്ചു കിട്ടിയവരില്‍ നിന്ന് വിജയിയെ കണ്ടെത്തും. ജൂണ്‍ 12 ന് ഗുരു സ്മൃതി. വിദ്യാര്‍ഥികളും, പൊതുജനങ്ങളും വിദ്യാഭ്യാസ കാലത്ത് തങ്ങളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച അധ്യാപകനെ കുറിച്ച് എഴുതുകയും പ്രസ്തുത അദ്ധ്യാപകന്റെ സ്മരണയെ മുന്‍ നിര്‍ത്തി, ലഹരിക്കെതിരെ പ്രവര്‍ത്തിക്കുമെന്നും താന്‍ ലഹരിക്ക് അടിമയാവില്ലെന്നും പ്രതജ്ഞ എടുക്കുന്ന മത്സരം നടത്തും. അയച്ചുകിട്ടുന്ന പ്രതിജ്ഞയും കുറിപ്പുകളും പാനല്‍ ജഡ്ജിമാര്‍ വിലയിരുത്തി വിജയിയെ തീരുമാനിക്കും.

ജൂണ്‍ 15നാണ് ഏകപാത്ര നാടക മത്സരം സംഘടിപ്പിക്കുന്നത്. ലഹരിക്കെതിരെ ബോധവല്‍ക്കരണ ഏകപാത്ര നാടകങ്ങളുടെ ഓണ്‍ലൈന്‍ മത്സരമാണ് നടത്തുക. മൂന്ന് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ മൂല്യനിര്‍ണ്ണയം നടത്തി വിജയിയെ തെരഞ്ഞെടുക്കുന്നു.

ജൂണ്‍ 20ന് വിമുക്തി പ്രതിജ്ഞാ മത്സരം നടക്കും. പുകയിലക്കെതിരേയും ലഹരിക്കെതിരേയും പ്രതിജ്ഞ തയാറാക്കലും പ്രതിജ്ഞ എടുക്കലുമാണ് മത്സരം. പ്രതിജ്ഞ എടുക്കുന്ന വീഡിയോ വിലയിരുത്തിയാണ് വിജയിയെ തീരുമാനിച്ച് സമ്മാനം നല്‍കുന്നത്. ജൂണ്‍ 26: ലോക ലഹരി വിരുദ്ധ ദിനം. വെബിനാര്‍ വഴി സമാപന സമ്മേളനം നടക്കും. മന്ത്രിമാര്‍, എം എല്‍ എ മാര്‍, സാംസ്‌കാരിക നായകന്മാര്‍ എന്നിവര്‍ പങ്കെടുക്കും.