ജൂണ്‍ ഒന്നിന് സ്‌കൂളുകളും കോളേജുകളും തുറക്കും; പഠനം ഓണ്‍ലൈനില്‍

♠ ഹരിത പി.വി

തിരുവനന്തപുരം: പുതിയ സ്‌കൂള്‍, കോളേജ് അധ്യായന വര്‍ഷം ജൂണ്‍ ഒന്നിന് ആരംഭിക്കും. കഴിഞ്ഞ വര്‍ഷത്തേത്‌പോലെ ഈ വര്‍ഷവും ഓണ്‍ലൈന്‍ വഴി തന്നെയായിരികും ക്ലാസുകള്‍. കൈറ്റ് വികേ്ടഴ്‌സ് ചാനലിലൂടെയും ഓണ്‍ലൈനിലും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ വീക്ഷിക്കാന്‍ സാധിക്കും.

പത്താം ക്ലാസ് വരെയുള്ള ക്ലാസുകളാണ് ജൂണ്‍ ഒന്നിന് തുറക്കുക. പ്‌ളസ് വണ്‍ ക്ലാസുകളും പരീക്ഷകളും പൂര്‍ത്തിയാകാത്തതാണ് തീരുമാനം വൈകുന്നത്.
ഒന്നാം ക്ലാസില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനോത്സവം ഉണ്ടാകും. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനം നടത്തി പിന്നീട് വ്യക്തമാക്കും. കോളേജ് തുറക്കുന്നത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് ധാരണയായത്. വിദ്യാര്‍ത്ഥികളുടെ പരീക്ഷയും ഫലപ്രസിദ്ധീകരണവും സംബന്ധിച്ച് നിര്‍ദ്ദേശങ്ങളും മന്ത്രി നല്‍കിയിട്ടുണ്ട്.

ജൂണ്‍ 15 മുതല്‍ അവസാനവര്‍ഷ ബിരുദ ബിരുദാനന്തര പരീക്ഷകള്‍ ഷെഡ്യൂള്‍ ചെയ്യും. ജൂലയ് 31 നകം ഫലം പ്രസിദ്ധീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷകള്‍ ഓഫ്‌ലൈന്‍ നടത്തണമെന്നാണ് വൈസ് ചാന്‍സിലര്‍മാരുടെ നിര്‍ദ്ദേശം. ഓണ്‍ലൈന്‍ പഠനം സംബന്ധിച്ച യുജിസി പുറത്തിറക്കിയ കരട് രൂപരേഖ ജൂണ്‍ മൂന്നിനകം വൈസ് ചാന്‍സിലര്‍മാരുടെ യോഗം ചര്‍ച്ച ചെയ്യും.