കണ്ടിക്കലിലെ മാലിന്യക്കുളം സാംക്രമിക രോഗങ്ങൾക്ക് വഴിയൊരുക്കുന്നു

തലശ്ശേരി: ആക്രി സാധങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്ന പറമ്പ് മഴ ആരംഭിച്ചതോടെ പ്രദേശത്തെ മലീമസമാക്കുന്നു. കണ്ടിക്കൽ ശ്മശാനത്തിനും കുട്ടി മാക്കൂലിനുമിടയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പാണ് പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള ഉപയോഗ ശൂന്യമായ വസ്തുക്കൾ കൊണ്ട്തള്ളി മാലിന്യ കൂമ്പാരമായി കിടക്കുന്നത്. ഒരേക്കറിലധികം വരുന്ന പറമ്പാണ് ആക്രി സാധനങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നവർക്ക് വാടകയിനത്തിൽ നൽകിയിരിക്കുന്നതത്രെ.

ഇതിനായി മുപ്പതിനായിരത്തോളം രൂപയും പറമ്പ് ഉടമ വാടകക്കാരിൽ നിന്നും പ്രതിമാസം ഈടാക്കുന്നുണ്ടത്രെ. പ്രദേശത്ത് മഴവെള്ളം കെട്ടി നിന്നതോടെ മാലിന്യങ്ങൾ അഴുകി ദുർഗന്ധപൂരിതമായിക്കിടക്കുകയാണ്. ഇവിടെ കെട്ടിക്കിടക്കുന്ന കറുത്ത നിറത്തിലുള്ള മലിന ജലം സമീപത്തെ വീടുകളിലെ കിണറുകളിലേക്കൊഴുകി കുടിവെളളവും മലിനമാക്കിയെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കാലവർഷം കനക്കുന്നതോടെ പടർന്നു പിടിക്കാനിടയുള്ള സാംക്രമിക രോഗങ്ങൾക്ക് വഴിമരുന്നാകുക കൂടിയാണ് ഈ മാലിന്യക്കുളം.

അധികൃതരുടെ ഭാഗത്തു നിന്നും കാര്യമായ ഇടപെടലുകൾ ഉണ്ടാകാത്ത പക്ഷം വരും ദിവസങ്ങളിൽ വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് വഴി വെക്കും. കോവിഡ് വ്യാധികളാൽ കഷ്ടപ്പെടുന്ന ജനങ്ങൾക്ക് ഇത്തരം സാഹചര്യങ്ങളിൽ നിന്നും പടർന്നു പിടിക്കുന്ന രോഗങ്ങൾ താങ്ങാവുന്നതിലും അപ്പുറമായിരിക്കും.