പ്രവാസികള്‍ക്ക് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ വെര്‍ച്വല്‍ അപ്പോയിന്റ്‌മെന്റ് സംവിധാനം

ജിദ്ദ: സൗദിയിലെ പടിഞ്ഞാറന്‍ മേഖലയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി നേരിട്ട് ഓണ്‍ലൈന്‍ വഴി ബന്ധപ്പെടാന്‍ സൗകര്യം ചെയ്തുകൊണ്ട് കോണ്‍സുലേറ്റില്‍ വെര്‍ച്വല്‍ അപ്പോയിന്റ്‌മെന്റ് സിസ്റ്റം(വാസ്) ആരംഭിച്ചു.
കോണ്‍സുലേറ്റിന്റെ അധികാര പരിധിയില്‍ വരുന്ന ഇന്ത്യന്‍ സമൂഹവുമായി കോണ്‍സുലേറ്റിനെ കൂടുതല്‍ ബന്ധിപ്പിക്കുന്നതിന് വെര്‍ച്വല്‍ അപ്പോയിന്റ്‌മെന്റ് സിസ്റ്റം ഏറെ സഹായകമാകുമെന്ന് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദൂര പ്രദേശങ്ങളിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് കോണ്‍സുലേറ്റില്‍ നേരിട്ടെത്തി ആവശ്യങ്ങള്‍ നിര്‍വഹിക്കുക എന്നത് ബുദ്ധിമുട്ടായതിനാല്‍ പുതിയ സംവിധാനം ഇത്തരക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍സുലേറ്റ് സന്ദര്‍ശിക്കാതെ തന്നെ മുഴുവന്‍ സേവനങ്ങള്‍ക്കും പുതിയ സേവനമായ വെര്‍ച്വല്‍ അപ്പോയിന്റ്‌മെന്റ് സിസ്റ്റം സഹായിക്കും. എങ്കിലും പുതിയ സംവിധാനം അധികമായി വികസിപ്പിച്ചതാണെന്നും സാധാരണ രീതിയിലുള്ള കോണ്‍സുലേറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.






