പോരാട്ടം തുടരും, പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട: രമേശ് ചെന്നിത്തല

♠ ഹരിത പി.വി

ആലപ്പുഴ: തന്റെ പോരാട്ടം ഇടതുമുന്നണി സര്‍ക്കാരിനെതിരെയുള്ള പോരാട്ടമായിരുന്നു. അതുകൊണ്ട്തന്നെ തനിക്ക് പിണറായി വിജയന്റെ ഒരു സര്‍ട്ടിഫിക്കറ്റിന്റെയും ആവശ്യമില്ല. കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സര്‍ക്കാരിന്റെ അഴിമതികള്‍ പുറത്തുകൊണ്ടുവരാനുള്ള നീക്കം താന്‍ നടത്തി. അത് തന്റെ ധര്‍മമാണ്. അതില്‍ തനിക്ക് പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ആ പോരാട്ടം താന്‍ തുടരുമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ശക്തമായി മുന്നോട്ടു നയിക്കാന്‍ സതീശന് കഴിയട്ടേ എന്ന് ആശംസിക്കുന്നതായി രമേശ് ചന്നിത്തല. വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുന്നിലുള്ളത് വലിയ വെല്ലുവിളിയാണ്. യോജിച്ചു നിന്നു കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തേണ്ട സമയമാണിത്.

കേരളത്തിലെ കോണ്‍ഗ്രസിനും യു.ഡി.എഫിനും തിരിച്ചു വരവിനുള്ള പാതയൊരുക്കുക എന്നതാണ് ലക്ഷ്യം. അതിനായി യു.ഡി.എഫിനെ സ്‌നേഹിക്കുന്നവര്‍ ഒരുമിച്ച് നില്‍ക്കണം. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനം ജനങ്ങളാണ് വിലയിരുത്തേണ്ടത്. ഇന്നലെ രാവിലെ എട്ടുമണിയോടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിളിച്ചാണ് പ്രതിപക്ഷ നേതൃസ്ഥാനമാറ്റത്തെ കുറിച്ച് പറഞ്ഞതെന്ന് ചെന്നിത്തല പറഞ്ഞു.

ഹൈക്കമാന്‍ഡിറെ തീരുമാനം അനുസരിക്കും. പ്രതിപക്ഷ നേതാവ് സതീശന് എല്ലാവരുടെയും പൂര്‍ണപിന്തുണയുണ്ടാകും. ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയുടെ തീരുമാനം എല്ലാ കോണ്‍ഗ്രസുകാരും അനുസരിക്കും.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍, പ്രതിപക്ഷത്തിന് ചെയ്യാന്‍ കഴിയുന്ന എല്ലാം ചെയ്തിട്ടുണ്ട്. അക്കാര്യത്തില്‍ തനിക്ക് സന്തോഷമേയുള്ളൂ. പ്രതിപക്ഷ ധര്‍മം പൂര്‍ണമായും നിറവേറ്റിയിട്ടുണ്ട്.