സര്‍ക്കാറിനെ തിരുത്താന്‍ പുതുതലമുറ; വി ഡി സതീശന്‍ പ്രതിപക്ഷനേതാവ്

♠ ഹരിത പി.വി

ദില്ലി/തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാറിനെ തിരുത്താന്‍ വി ഡി സതീശന്‍. പതിനഞ്ചാം കേരള നിയമസഭയില്‍ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതായി കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. ഹൈക്കമാന്‍ഡ് പ്രതിനിധി മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസ്ഥാന കോണ്‍ഗ്രസ്സ് ഘടകത്തെ ഇക്കാര്യം അറിയിച്ചു.

രാഹുല്‍ ഗാന്ധിയുടെ നിലപാട് വി.ഡി സതീശന് അനുകൂലമായെന്നാണ് വിവരം. കോണ്‍ഗ്രസ്സിന്റെ സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും വി ഡി സതീശന് അനുകൂലമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ചെന്നിത്തലയ്ക്ക് വേണ്ടി സമ്മര്‍ദ്ദം ശക്തമാക്കിയ ഉമ്മന്‍ചാണ്ടിയേയും അതോടൊപ്പം രമേശ് ചെന്നിത്തലയെയും എ കെ ആന്റണി കാര്യങ്ങള്‍ വിശദീകരിച്ചു സാഹചര്യം ബോധ്യപ്പെടുത്തി. ഇക്കാര്യം രാഹുലിനോടും സോണിയയോടും പറഞ്ഞു. തലമുറമാറ്റം വരട്ടെയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന രാഹുലിന്റെ നിലപാട് വി.ഡി സതീശന് അനുകൂലമായി. അവസാന നിമിഷംവരെ ചെന്നിത്തലയ്ക്ക് വേണ്ടി മുതിര്‍ന്ന നേതാക്കള്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം സതീശന്‍ അനുകൂലികള്‍ രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് തിരിച്ചടിയില്‍നിന്നും കരകയറേണ്ടതുണ്ടെന്ന് യുവ നേതാക്കള്‍ രാഹുലിനെ ബോധ്യപ്പെടുത്തി. ഇതൊക്കെ സതീശന് പ്രതിപക്ഷനേതാവ് സ്ഥാനത്തിന് കളമൊരുക്കി.