ലോറികളില്‍ മത്സ്യവുമായി വന്ന മൂന്നു പേരെ തലശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തു

തലശ്ശേരി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിരോധനം നിലനില്‍ക്കുന്ന തലശ്ശേരി മത്സ്യ മാര്‍ക്കറ്റ് പരിസരത്ത് ലോറികളില്‍ മത്സ്യവുമായി വന്ന മൂന്നു പേരെ തലശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് രണ്ട് മിനി ലോറികളിലായി 500 കിലോ ആവോലി മത്സ്യവുമായി എത്തിയത്. മംഗലാപുരത്ത് നിന്നാണ് മത്സ്യം എത്തിച്ചത്. സംഭവത്തില്‍ മത്സ്യ കമ്മീഷന്‍ ഏജന്റ് തലശ്ശേരി സ്വദേശി മുഹമൂദ് മുസ്തഫ, ഡ്രൈവര്‍മാരായ തളിപറമ്പ സ്വദേശി സിയാദ്, പട്ടാമ്പി തൃത്താല സ്വദേശി കുഞ്ഞ് മുഹമ്മദ് എന്നിവരെ തലശ്ശേരി സി.ഐ ജി. ഗോപകുമാറിന്‍േറയും എസ്.ഐ എ.അഷ്‌റഫിന്‍േറയും നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത മത്സ്യങ്ങള്‍ എരഞ്ഞോളിയിലെ ആഫ്റ്റര്‍ കെയര്‍ ഹോം, അനാഥ മന്ദിരം, സമൂഹ അടുക്കള എന്നിവടങ്ങളിലേക്ക് പൊലിസ് നല്‍കി.
രണ്ടാഴ്ചയിലേറെയായി തലശ്ശേരിയിലെ മൊത്ത, ചില്ലറ മത്സ്യ മാര്‍ക്കറ്റുകള്‍ അടച്ചിട്ടിരിക്കുന്നത്. മേഖലയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മത്സ്യങ്ങള്‍ ധര്‍മ്മടം, മുഴപ്പിലങ്ങാട്, മമ്പറം എന്നീ സ്ഥങ്ങളില്‍ മാത്രമാണ് ഇറക്കുന്നത്. പൊലിസിന്റെ കണ്ണുവെട്ടിച്ചാണ് തലശ്ശേരി മാര്‍ക്കറ്റില്‍ മത്സ്യം ഇറക്കിയത്. രണ്ട് മിനി ലോറികളും കോടതിയില്‍ ഹാജരാക്കി. അറസ്റ്റിലായ മൂന്നു പേരെയും ജാമ്യത്തില്‍ വിട്ടയച്ചു.






