ബില്‍ഡിങ് പാര്‍ശ്വഭിത്തികള്‍ ഭാഗികമായി തകര്‍ന്നു

തലശ്ശേരി: പുതിയ ബസ്റ്റാന്‍ഡിനു സമീപത്തെ ഷാഫി കോംപ്‌ളക്‌സിന്റെ പാര്‍ശ്വ ഭിത്തികള്‍ തകര്‍ന്ന് നിലം പൊത്തി. കോംപ്‌ളക്‌സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ടയര്‍ കടയുടെ മുകളില്‍ കോണ്‍ക്രീറ്റ് പാളികള്‍ വീണ് പൂര്‍ണമായി തകര്‍ന്നു. മുത്തൂറ്റ് ഫൈനാന്‍സ്, ബൂട്‌സ് ഷോപ്പ് അടക്കം നിരവധി കടകള്‍ പ്രവര്‍ത്തിക്കുന്ന കോംപ്‌ളക്‌സാണിത്. ലോക്ക്ഡൗണ്‍ ആയതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.
കോംപ്‌ളക്‌സിന്റെ രണ്ടാം നിലയിലുള്ള ഭിത്തിയാണ് തകര്‍ന്നു വീണത്. കാലപ്പഴക്കമേറിയ കെട്ടിടമാണിത്. മുത്തൂറ്റ് ഫൈനാന്‍സിലെ ജീവനക്കാരി ഇതുവഴി കടന്നു പോയി കഴിഞ്ഞ ശേഷം നിമിഷങ്ങള്‍ കൊണ്ടാണ് ഭിത്തി തകര്‍ന്നു വീണത്. രാത്രി കാലങ്ങളില്‍ തെരുവില്‍ കഴിയുന്നവര്‍ കോംപ്‌ളക്‌സിനു കീഴിലാണ് കിടന്നുറങ്ങുന്നത്. ചിറക്കര പള്ളിത്താഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
കഴിഞ്ഞ ദിവസം കൊടുവള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടവും ഭാഗികമായി തകര്‍ന്നു വീണിരുന്നു. നഗരത്തില്‍ വിവിധയിടങ്ങളില്‍ കാലപ്പഴക്കമേറിയ കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകട സ്ഥലം തലശേരി അഗ്‌നി രക്ഷാസേനയും പൊലിസും ചേര്‍ന്ന് സുരക്ഷയൊരുക്കി. തലശേരി ജനമൈത്രി എസ്.ഐ. സി.നജീബ് നേതൃത്വം നല്‍കി.





