പാര്‍ക്കോ കോവിഡ് ആശുപത്രി പ്രവര്‍ത്തന സജ്ജമായി; ഉദ്ഘാടനം നാളെ

തലശ്ശേരി: വടകരയിലും പരിസര പ്രദേശങ്ങളിലുമുള്ള കൊറോണ രോഗികള്‍ക്കായി പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പാര്‍ക്കോ കോളേജ് ഓഫ് നേഴ്സിംഗ് കെട്ടിടത്തില്‍ ഒരുക്കിയ കോവിഡ് ആശുപത്രി നാളെ (വെള്ളി)മുതല്‍ പ്രവര്‍ത്തന സജ്ജമാകും. 42 പേര്‍ക്ക് ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകളും 50 സാധാരണ രീതിയിലുള്ള കിടക്കകളോടും കൂടിയ സൗകര്യത്തോടെയാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നത്.

രോഗികള്‍ക്കും,പൊതു ജനങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാത്ത തരത്തിലുള്ള ചികിത്സാ സൗകര്യവും ഏത് സാഹചര്യത്തേയും നേരിടാന്‍ കഴിവുളള വിദഗ്ദ്ധരായ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുമാണ് ആശുപത്രി പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്.ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ഡോ.എം ദില്‍ഷാദ് ബാബു, മെഡിക്കല്‍ ഡയറക്റ്റര്‍ ഡോ. പി നസീര്‍ എന്നിവരുടെ സേവനവും ലഭ്യമാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആശുപത്രിയുടെ ഔപചാരിക ഉല്‍ഘാടനം വൈകീട്ട് നാലു മണിക്ക് കെ മുരളീധരന്‍ എം പി നിര്‍വ്വഹിക്കും.

ജില്ലാ കലക്റ്റര്‍ സാംബശിവ റാവു, നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ പി ബിന്ദു, റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. ശ്രീനിവാസ് എ, അനുപം മിശ്ര ഐ എ എസ്, ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരന്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ.പീയൂഷ് നമ്പൂതിരിപ്പാട്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ വി അലി, വാര്‍ഡ് കൗണ്‍സിലര്‍ കാനപള്ളി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.






