ഈ വര്‍ഷം ഹജജ് നിര്‍വഹിക്കുവാന്‍ വിദേശ തീര്‍ഥാടകരേയും അനുവദിച്ചേക്കും

മക്ക: ഈ വര്‍ഷത്തെ ഹജജ് നിര്‍വഹിക്കുവാന്‍ വിദേശ തീര്‍ഥാടകരേയും അനുവദിച്ചേക്കുമെന്ന് സൂചന. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ആഭ്യന്തര ഹാജിമാര്‍ക്ക് മാത്രമായി ഹജജ് പരിമിതപ്പെടുത്തിയിരുന്നു. വെറും ആയിരംപേര്‍ക്ക് മാത്രമായിരുന്നു കഴിഞ്ഞ തവണ ഹജജിന് അനുമതി നല്‍കിയിരുന്നത്.

സാധാരണഗതിയില്‍ 25 ദശലക്ഷത്തിലധികം മുസ്‌ലിംകള്‍ ഹജജ് കര്‍മ്മത്തില്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം തീര്‍ത്ഥാടകരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. കൊവിഡ് കാരണം കഴിഞ്ഞ വര്‍ഷം 1,000 തീര്‍ഥാടകരെ മാത്രമായിതുന്നു ഹജജില്‍ പങ്കെടുപ്പിച്ചിരുന്നത്. സൗദിയില്‍ കൊറോണ വൈറസ് പടരുന്നത് തടയുന്നതിന് കര്‍ശന ആരോഗ്യ, മുന്‍കരുതല്‍ നടപടികളാണ് അധികൃതര്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. ഇത് മുന്‍നിര്‍ത്തി ഈ വര്‍ഷം വിദേശത്ത് നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഹജജ് കര്‍മ്മത്തിന് അനുവദിക്കുമെന്നാണ് അറിയുന്നത്. പ്രമുഖ അറബ് പത്രവും ഇന്ന് (വ്യാഴാഴ്ച) ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തീര്‍ത്ഥാടകരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനായി എല്ലാ ആരോഗ്യ, സുരക്ഷ, നിയന്ത്രണ നടപടികളുമായി ഈ വര്‍ഷത്തെ ഹജജുമായി മുന്നോട്ട് പോകുവാന്‍ മെയ് 9 ന് ഹജജ്, ഉംറ മന്ത്രാലയം തീരുമാനമെടുത്തിരുന്നു. സൗദിയിലെ ആരോഗ്യ സ്ഥാപനങ്ങള്‍ സ്ഥിതിഗതികള്‍ വിലയിരുത്തിവരുന്നുണ്ട്. എല്ലാ മനുഷ്യരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.