VIDEO_റെയില്‍വെ അടിപ്പാത വെള്ളത്തിനടിയില്‍; വഴിയടഞ്ഞ മൂന്നാം ഗേറ്റില്‍ യാത്രാ ദുരിതം

തലശ്ശേരി: അശാസ്ത്രീയമായ അടിപ്പാത നിര്‍മ്മാണം മൂലം യാത്രാ ദുരിതം പേറി ജനങ്ങളും വാഹന യാത്രികരും. ലവല്‍ ക്രോസ് രഹിത റോഡെന്ന കാഴ്ചപ്പാടില്‍ നാടിന്റെ യാത്രാ വഴി സുഗമമാക്കാന്‍ ലക്ഷങ്ങള്‍ ചിലവിട്ട് പണിത അടിപ്പാത നോക്കുകുത്തിയായി.

തിരുവങ്ങാട്ടെ പട്ടര്‍ ഗേറ്റെന്ന വിളിപ്പേരുള്ള മൂന്നാം ഗേററില്‍ റെയില്‍വെ പണിത അണ്ടര്‍ പാസ് ഇപ്പോള്‍ ആര്‍ക്കും ഉപകരിക്കാനാവാതെ വെള്ളം കയറി അലങ്കോലപ്പെട്ടുകിടപ്പാണ്. 2019 ഡിസമ്പറില്‍ നിര്‍മ്മിച്ചു തുടങ്ങിയ അടിപ്പാത തട്ടിയും മുട്ടിയും ഇഴഞ്ഞും രണ്ട് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കാനായത്. ഇക്കഴിഞ്ഞ മാര്‍ച്ച് 26 മുതല്‍ ഇതു വഴി ചെറുവാഹനങ്ങള്‍ ഓട്ടം തുടങ്ങി. എന്നാല്‍ മേല്‍ഭാഗം ഉയരം കുറവായതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് കടന്നു പോവാനായില്ല. ഇത് സംബന്ധിച്ച് നാട്ടിലാകെ മുറുമുറുപ്പിനും ആരോപണങ്ങൾക്കും ഉണ്ടായി. വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പെ പെയ്ത ആദ്യ മഴയില്‍ അടിപ്പാതയില്‍ കഴുത്തറ്റം വെള്ളം കയറി കെട്ടിക്കിടന്നു. ഇതോടെ ഒരു വാഹനത്തിനും ഇത് വഴി പോവാനാവാതായി.

കാല്‍നട പോലും അസാധ്യമായതോടെ അടിപ്പാത പൂര്‍ണ്ണമായും നോക്കുകുത്തിയായി. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ന്യൂനമര്‍ദ്ദ മഴയില്‍ അടിപ്പാത പൂര്‍ണ്ണമായും വെള്ളത്തിലായി. സമീപത്തെ വലിയ ഓവുചാല്‍ അടിപ്പാത നിര്‍മ്മാണത്തിനിടെ തടസ്സപ്പെട്ടതാണ് മഴവെള്ളം കെട്ടിക്കിടക്കാന്‍ ഇടയാക്കിയത്. കാലവര്‍ഷം തുടങ്ങിയാല്‍ സമീപത്തെ വീടുകളും വെള്ളക്കെട്ടിലാവുമെന്ന നിലയുണ്ട്. വഴിയാത്രക്കാരും വാഹനങ്ങളും വട്ടം ചുറ്റുകയാണിവിടെ.