തലശ്ശേരി മാടപ്പീടിക വയലളത്തെ ജനങ്ങള്‍ യാത്രാ ദുരിതത്തില്‍

തലശ്ശേരി: മാഹി – തലശ്ശേരി ബൈപാസ് കടന്നു പോകുന്ന മാടപ്പീടിക വയലളം പ്രദേശത്തെ ജനങ്ങള്‍ യാത്രാ ദുരിതത്തില്‍. മാടപ്പീടികയെയും വയലളത്തെയും ബന്ധിപ്പിക്കുന്നതിനായി പുല്ലയില്‍ താഴെയില്‍ നിര്‍മ്മിച്ച അടിപ്പാതയാണ് അപ്പാടെ ചെളിയും വെള്ളവും നിറഞ്ഞ് യാത്രാ യോഗ്യമല്ലാതായി തീര്‍ന്നിരിക്കുന്നത്. വാഹന ഗതാഗതവും കാല്‍നടയാത്രയും വെള്ളക്കെട്ടിനാല്‍ തടസ്സപ്പെട്ടിരിക്കുകയാണ്.
ദേശീയ പാതയുടെ പ്രവര്‍ത്തി നടക്കുന്ന പ്രദേശത്തിന്റെ ഇരുഭാഗവും വെള്ളക്കെട്ടിനടിയിലാണ്. ഇതു കാരണം മാടപ്പീടിക, വയലളം ദേശങ്ങള്‍ ഒറ്റപ്പെട്ടുകിടക്കുകയാണ്. നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയ പാതയോരത്തെയും ഇരു ഭാഗങ്ങളിലുമുള്ള സര്‍വ്വീസ് റോഡുകളുടെ വശങ്ങള്‍ ശക്തമായ മഴയില്‍ ഇടിഞ്ഞ് താഴ്ന്നിരിക്കുകയാണ്. ഇതോടെ ഒഴുകിപ്പോകാനിടമില്ലാതെ ചെളിയും വെള്ളവും പരിസരത്തെ വീടുകളുടെ മുറ്റത്തും അകത്തുമായി കെട്ടിക്കിടക്കുകയാണ്. മഴ മുന്നില്‍ കണ്ടു കൊണ്ട് ദേശീയ പാത അധികൃതരോ നഗരസഭയോ വേണ്ട വിധത്തില്‍ ഇടപെടാത്തതാണ് വെള്ളക്കെട്ടിന് ഹേതുവായതെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു.

പുതിയ റോഡ് വെടിക്കെട്ട് നടക്കുന്ന പ്രദേശത്തെ രവീന്ദ്രന്റെ വീട്ടില്‍ വെള്ളം കയറിയപ്പോള്‍
സമാനമായ അവസ്ഥയാണ് ടെമ്പിള്‍ ഗേറ്റിന് സമീപത്തെ പുതിയ റോഡിന്റെയും കാര്യം. ഇവിടെ പൂവടിക്കണ്ടത്തിനു സമീപത്തെ നൂറുക്കണക്കിനു വരുന്ന വീടുകളും വെള്ളക്കെട്ടിനടിയിലാണ്. മഴയൊന്ന് തുടങ്ങിയാല്‍ ഈ പ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലാണ്.
ഇവിടങ്ങളില്‍ നിന്നും ഒഴുകിവരുന്ന വെള്ളം കടന്നുപോകുന്ന ഓടകള്‍ മണ്ണുമൂടിക്കിടക്കുന്നതും ഒരു പരിധി വരെ വെള്ളക്കെട്ടിന് വഴിയൊരുക്കുന്നു. മഴക്കുമുന്‍പേ നഗരസഭ ഒഴുക്കുചാലുകളിലെ മണ്ണുമാറ്റാന്‍ തുനിയാത്തതും പ്രദേശത്തെ വെള്ളക്കെട്ടിനിടയാക്കുന്നുണ്ട്. ഓഡക്കായ്ക്കുന്നില്‍ നിന്നും ഒഴുകി വരുന്ന മഴവെള്ളം നിരവധി ചാലുകളിലൂടെ ഒഴുകി കണ്ണിച്ചിറ തോടിലാണ് പതിക്കുക. എന്നാല്‍ ഈ പ്രദേശങ്ങളിലെ ഓടകള്‍ ഒക്കെയും ഇടിഞ്ഞതും മണ്ണ് വീണ് നിറഞ്ഞതും വെള്ളത്തിന്റെ ഒഴുക്കിന് തടസ്സമാകുന്നുണ്ട്. ഹിന്ദി വിദ്യാലയത്തിനു മുന്നിലെ ഓടകള്‍ വീതികൂട്ടി വെള്ളത്തിന്റെ ഒഴുക്കുകള്‍ സുഖമമാക്കാന്‍ പ്രദേശത്തെ സ്ഥല ഉടമകള്‍ നഗരസഭ അധികൃതര്‍ക്ക് അനുമതി നല്‍കിയെങ്കിലും ഈ പ്രവര്‍ത്തിയും നടന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
വയലളം കുറ്റിവയല്‍ പ്രദേശത്തെ സ്ഥിതി നേരെ മറിച്ചാണ്. ഇവിടങ്ങളിലെ ഓടകളും തോടുകളും മഴക്കു മുന്‍പായി ശുചീകരണ പ്രവൃത്തികള്‍ നടന്നിട്ടുണ്ട്. എന്നാലും പ്രദേശത്തെ മിക്ക ഭാഗങ്ങളും വെള്ളക്കെട്ടിനടിയിലാണ്. ശാസ്ത്രീയമല്ലാത്ത പ്രവര്‍ത്തിയാണ് വെള്ളം കയറാന്‍ കാരണമായത്. തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടങ്ങളില്‍ കനാലുകള്‍ മണ്ണും മാറ്റി വൃത്തിയാക്കിയെങ്കിലും നീക്കം ചെയ്ത മണ്ണ് കനാലിന്റെ ഒരു വശത്തിട്ടതോടെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയും വെള്ളക്കെട്ടിന് കാരണമാകുകയും ചെയ്തു.






