വ്യാജ ഇമെയില്‍ ഉപയോഗിച്ച് ധനസഹായാഭ്യര്‍ത്ഥന നടത്തുന്നതായി മുല്ലപ്പള്ളിയുടെ പരാതി

തിരുവനന്തപുരം: വ്യാജ ഇമെയില്‍ ഐഡി ഉപയോഗിച്ച് തന്റെ പേരില്‍ വ്യാപകമായി ധനസഹായാഭ്യര്‍ത്ഥന നടത്തി പണം പിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതായും മുല്ലപ്പള്ളി അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം തട്ടിപ്പ് വ്യാപകമായി നടന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരാണ് തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഇത്തരം തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. തന്റെ പേരില്‍ വ്യാജ ഇമെയില്‍ ഐഡി ഉണ്ടാക്കി ഇത്തരം തട്ടിപ്പ് നടത്തുന്നവരെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിക്കും കേരള പോലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ മുല്ലപ്പള്ളി ആവശ്യപ്പെട്ടു.