ന്യൂനമര്‍ദ്ദം ടൗട്ടേ ചുഴലിക്കായി മാറും; 8 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

♠ ഹരിത പി.വി

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിപ്പ്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ഞാറാഴ്ചയോടെ ടൗട്ടേ ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് കേരള ദുരന്ത നിവാരണ സേനയുടെ ഒമ്പത് സംഘങ്ങള്‍ കേരളത്തിലെത്തിയിട്ടുണ്ട്. വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കൊല്ലം എന്നിവിടങ്ങളിലായാണ് ഇവരെ വിന്യസിപ്പിച്ചിട്ടുള്ളത്.

അറബിക്കടലില്‍ രൂപപ്പെടുന്ന ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റാണ് ടൗട്ടേ. മ്യാന്മറാണ് ചുഴലിക്കാറ്റിന് ഈ പേര് നിര്‍ദേശിച്ചത്. ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 14 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മെയ് 15 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയെയാണ് അതിതീവ്ര മഴയായി കാണിക്കുന്നത്. ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലിലാണ് ന്യൂനമര്‍ദ്ദം രൂപപെട്ടത്. ഇത് ശക്തിപ്രാപിച്ച് തീവ്രന്യൂനമാദ്ദമായി ഞാറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക് പടിഞ്ഞാറ് സഞ്ചാരിക്കും എന്ന് കാലാവസ്ഥാ നിരീഷകര്‍ അറിയിച്ചു.

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമായി ഞായറാഴ്ച മാറും. ദേശീയ ദുരന്ത നിവരണ സേനയുടെ ഒന്‍പത് സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇവര്‍ വയനാട്, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കൊല്ലം ജില്ലകളിലായാണ് വിന്യസിച്ചിട്ടുള്ളത്.

നിലവില്‍ പ്രവചിക്കപ്പെടുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. എന്നിരുന്നാലും ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നില്‍ക്കുന്നതിനാല്‍ കേരളത്തില്‍ മെയ് 13 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതേത്തുടര്‍ന്ന്, വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.