മയക്കുമരുന്ന് കള്ളക്കടത്ത് മറയാക്കുന്നതിനാല്‍ ലബനനില്‍നിന്നുള്ള പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത് സൗദി അറേബ്യ നിരോധിച്ചു

റിയാദ്: നാളെ  മുതല്‍ ലബനനില്‍നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമുള്ള സൗദിയിലെ ഇറക്കുമതി നിരോധനം പ്രാബല്യത്തില്‍ വരും. മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിന് ലെബനന്‍ അധികൃതര്‍ ഉറപ്പ് നല്‍കുന്നതുവരെ നിരോധനം തുടരുമന്ന് ഔദ്യോഗീക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ലെബനനില്‍ നിന്ന് ഉദ്പാദിപ്പിച്ചവയും ലെബനന്‍വഴി കടത്തുന്നതുമായ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും നിരോധനം ബാധകമായിരിക്കും. സൗദി അറേബ്യയെ ലക്ഷ്യമിട്ട് ലെബനനില്‍ മയക്കുമരുന്ന് കള്ളക്കടത്തുകാരുടെ എണ്ണം വര്‍ദ്ധിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ലെബനന്‍ അധികൃതര്‍ ഉറപ്പ് നല്‍കുന്നതുവരെ നിരോധനം തുടരും. ലെബനനില്‍ നിന്ന് വരുന്ന മറ്റ് ഉല്‍പ്പന്നങ്ങളും നിരീക്ഷിക്കുകയും ഇവക്കെതിരെയും സമാനമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യും.

പഴം-പച്ചക്കറി കയറ്റുമതിക്ക് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തിയത് ‘വലിയ നഷ്ടമാണെന്ന് ലെബനന്‍ കെയര്‍ ടേക്കര്‍ കാര്‍ഷിക മന്ത്രി അബ്ബാസ് മോര്‍ട്ടഡ പറഞ്ഞു. പ്രതിവര്‍ഷം 24 മില്യണ്‍ ഡോളര്‍ വ്യാപാരമാണ് ഇതിലൂടെ നഷ്ടമാകുന്നത്. സൗദി അറേബ്യ നിരോധനമേര്‍പ്പെടുത്തിയപോലെ മറ്റ് ഗള്‍ഫ് രാജ്യങ്ങളും തീരുമാനം കൈക്കൊണ്ടാന്‍ ഇത് ലെബനന് വലിയ തിരിച്ചടിയാകും.