സരിത എസ്. നായരെ തൊഴില്‍ തട്ടിപ്പ് കേസിലും അറസ്റ്റ് രേഖപ്പെടുത്തി

♠ ഹരിത പി.വി
കണ്ണൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ കണ്ണൂര്‍ ജില്ലാ ജയിലിലെ സിഎഫ്എല്‍ടിസിയില്‍ റിമാന്‍ഡിലായ സരിത എസ്. നായരെ തൊഴില്‍ തട്ടിപ്പ് കേസിലും നെയ്യാറ്റിന്‍കരയില്‍ നിന്നുള്ള പൊലീസ് സംഘം കണ്ണൂര്‍ ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) അനുമതിയോടെയാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയ വിവരം നെയ്യാറ്റിന്‍കര കോടതിയില്‍ അന്വേഷണ സംഘം അറിയിക്കും.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
തിരുപുറം മുള്ളുവിളയിലെ ഒരാളെ ബിവറേജസ് കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് 11.49 ലക്ഷം രൂപ സരിതയും സംഘവും തട്ടിയെന്നാണ് കേസ്. കുന്നത്തുകാല്‍ പാലിയോട് സ്വദേശികളായ മറ്റ് രണ്ട്‌പേര്‍ കേസിലെ ഒന്നും മൂന്നും പ്രതികളാണ്.
സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരെ കോഴിക്കോട് സിജെഎം കോടതി കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. 42.70 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് കോഴിക്കോട് സിജെഎം കോടതി ഈ മാസം 27 വരെ റിമാന്‍ഡ് ചെയ്തത്.
കോഴിക്കോട് സ്വദേശിയായ ഒരാളുടെ വീട്ടിലും ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാനായി പണം വാങ്ങി വഞ്ചിച്ചു എന്ന കേസിലാണ് കോടതി ഉത്തരവ്. നേരത്തെ സരിതയുടെ ജാമ്യം റദ്ദാക്കി കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.






