വേനൽമഴയിലും കാററിലും വ്യാപക നാശനഷ്ടം; കെടാവിളക്കൊഴികെ വാമൽക്ഷേത്രം തകർന്നു

തലശ്ശേരി: കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടടുത്തു ശക്തിയായി വീശിയടിച്ച കാററിനൊപ്പം തിമർത്തു പെയ്ത വേനൽമഴയിൽ നാടെങ്ങും വ്യാപക നാശനഷ്ടം. പലയിടങ്ങളിലും തെങ്ങ് ഉൾപെടെയുള്ള വൃക്ഷങ്ങൾ മുറിഞ്ഞും കടപുഴകി യും തൊട്ടടുത്ത വീടുകൾക്കും സ്ഥാപനങ്ങൾക്കും മീതെ വീണതിനെ തുടർന്ന് നാശനഷ്ടം ഇരട്ടിച്ചു. ഇലക്ട്രിക് പോസ്റ്റുകളും വൈദ്യുതി വാ ഹികളായ കമ്പികളും മുറിഞ്ഞും പൊട്ടിയും വീണതിനെ തുടർന്ന് വൈദ്യുതി നിലച്ചത് ജനങ്ങളെ ഏറെ പ്രയാസത്തിലാക്കി. വൻതോതിൽ കൃഷി നാശവും ഉണ്ടായി. പലയിടത്തു നിന്നും നാശനഷ്ടങ്ങളുടെ റിപ്പോർട്ടുകൾ പ്രവഹിച്ചുകൊണ്ടിരിക്കയാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കൊടുവള്ളിയിലെ പൌരാണിക ആരാധനാലയമായ വാമൽ ക്ഷേത്രം ഏതാണ്ട് പൂർണ്ണമായും തകർന്ന നിലയിലാണുള്ളത്. ഇവിടുത്തെ കെടാവിളക്ക് തെളിഞ്ഞു കത്തുന്ന കൽത്തറ മാത്രമാണ് ശേഷിച്ചത്. ക്ഷേത്ര മുറ്റത്തെ നൂറ്റാണ്ടിൻ്റെ പഴക്കമുള്ള കൂറ്റൻ കാഞ്ഞിരമരം വീണതിനെ തുടർന്നാണ് ക്ഷേത്രത്തിൻ്റെ പ്രവേശന കവാടം, മതിൽ ഉൾപെടെ തകർന്നത്. സമീപത്തുള്ള കടകൾക്കും നാശനഷ്ടം നേരിട്ടു. ക്ഷേത്ര മതിൽക്കെട്ടിന് പുറത്തെ സിമൻ്റ് വൈദ്യുതി തൂൺ നടുമുറിഞ്ഞു നിൽപാണ്. കാറ്റും മഴയും ശമിച്ചതിന് ശേഷമാണ് രാത്രി വൈകി കാഞ്ഞിരമരം നിലംപൊത്തിയത്. ഇന്നുരാവിലെ സ്ഥലത്തെത്തിയ അഗ്നിശമന സേനക്കും പൊട്ടിവീണ കാഞ്ഞിരമരം മുറിച്ചു മാറ്റാനായില്ല.
ദേശ പ്രശസ്തമായ ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൻ്റെ ഉപ ക്ഷേത്രമാണ് വാമൽ ഭഗവതി ക്ഷേത്രം. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന രണ്ട് ദേവീക്ഷേത്രത്തിലും ഇന്ന് ആണ്ടുതിറ ഉത്സവം തിരിതെളിയാനിരിക്കെയാണ് ഓർക്കാപ്പുറത്തെ അപകട കാഴ്ച. കോവിഡ് വ്യാപന ഭീതി നിഴലിട്ടു നിൽക്കുന്ന പശ്ചാത്തലത്തിൽ ഉത്സവം ചടങ്ങുകൾ മാത്രമാക്കിയിരുന്നു.
എരഞ്ഞോളി കുഞ്ഞിക്കുലോത്തെ കശുവണ്ടി വികസന കോർപറേഷൻ കെട്ടിടത്തിൻ്റെ മേൽ പുരയിൽ പാകിയ ആസ്ബസ്സ്റ്റേഴ്സ് ഷീറ്റ് പാടെ തകർന്നു.പത്ത് ലക്ഷം നഷ്ടം കണക്കാക്കുന്നു തൊട്ടടുത്ത മാരുതി സുസുക്കി വർക്ക്ഷോപ്പിന് മുന്നിൽ നിർത്തിയിട്ട രണ്ട് കാറുകൾ വൈദ്യുതി സിമൻ്റ് പോസ്റ്റുകൾ മുറിഞ്ഞ് വീണ് തകർന്നു.






