മമ്പറത്ത് ബോട്ട് ടെര്‍മിനലിന്റെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നു

പിണറായി: മലനാട് റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി മമ്പറത്ത് ബോട്ട് ടെര്‍മിനലിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു.

കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലൂടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. മാര്‍ച്ച് പകുതിയോടെയാണ് മമ്പറത്ത് ബോട്ട് ടെര്‍മിനലിന്റെ നിര്‍മ്മാണം ആരംഭിച്ചത്. പഴയ മമ്പറം പാലത്തിന് സമീപം ഒരു കോടിയോളം രൂപ ചിലവിട്ടാണ് പ്രവൃത്തി നടത്തുന്നത്. പുഴയില്‍ പൈലിംഗ് ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. 6 മാസത്തിനകം നിര്‍മ്മാണം പൂത്തിയാക്കാനാണ് തീരുമാനം. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വലിയ ഹൗസ് ബോട്ടുകള്‍ക്കും ചെറിയ ബോട്ടുകള്‍ക്കും ഇവിടെ അടുപ്പിക്കാന്‍ കഴിയും. പ്രാദേശികമായി വിനോദ സഞ്ചാര മേഖലയെ ഏകോപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കണ്ണൂരിലെ വി സി ജെയിംസാണ് കരാര്‍ ഏറ്റെടുത്തത്. നേരത്തെ മമ്പറത്ത് ടാക്‌സി സ്റ്റാന്‍ഡിന് സമീപമാണ് സ്ഥലം കണ്ടെത്തിയിരുന്നതെങ്കിലും പുഴയില്‍ പാറയുടെ സാനിധ്യമുള്ളതിനാല്‍ പൈലിങ് നടക്കാന്‍ സാധിക്കാത്തതിനാല്‍ പിന്നിട് പഴയ പാലത്തിന് സമീപത്തേക്ക് മാറ്റുകയായിരുന്നു. ഇതാണ് പ്രവൃത്തി വൈകാന്‍ കാരണം.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

മമ്പറത്തിന് പുറമെ അഞ്ചരക്കണ്ടി പുഴയില്‍ മൂന്നിടത്ത് കൂടി ബോട്ട് നിര്‍മ്മിക്കുന്നുണ്ട്. ധര്‍മടം, പാറപ്രം, ചേരിക്കല്‍ എന്നിവിടങ്ങളിലാണ് നിര്‍മ്മാണം. ഇവയുടെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. പത്തു കോടിയിലധികം രൂപ ചിലവിട്ടാണ് ഇവയുടെ നിര്‍മാണം നടത്തുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇവിടങ്ങളിലെല്ലാം വന്‍ വികസന കുതിപ്പിലേറും എന്നതില്‍ സംശയമില്ല