നാടെങ്ങും വിഷു ആഘോഷങ്ങള്‍

♠ പി.വി ഹരിത

തിരുവനന്തപുരം: സമൃദ്ധിയുടെ സ്മരണകളും പ്രതീക്ഷകളുമായി ഇന്ന് വിഷു ആഘോഷത്തിലാണ് മലയാളികള്‍. വിഷു കണി കണ്ടും കൈനീട്ടം കൊടുത്തുമാണ് മലയാളി ഇന്ന് ഉണര്‍ന്നത്. മലയാളക്കരയുടെ കാര്‍ഷികോത്സവമാണ് തുല്യമായത് എന്ന അര്‍ഥം വരുന്ന വിഷു. രാത്രിയും പകലും തുല്യമായ ദിവസം. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണ് വിഷു എന്നാണ് പ്രധാന ഐതിഹ്യം.
ഗുരുവായൂരും ശബരിമലയും പ”നാഭസ്വാമി ക്ഷേത്രവും അടക്കം എല്ലാ അമ്പലങ്ങളിലും വിഷുകണി ദര്‍ശനത്തിന് ആളുകളെത്തി. കോവിഡ് നിയന്ത്രണങ്ങള്‍ ആഘോഷ പൊലിമ ഒട്ടും കുറച്ചിട്ടില്ല. എല്ലാ മാന്യവായനക്കാര്‍ക്കും ഗള്‍ഫ് മലയാളി ഡോട്ട് ഇന്‍ ഓണ്‍ലൈന്‍ ടീമിന്റെ നന്മ നിറഞ്ഞ വിഷു ആശംസകള്‍ നേരുന്നു.

വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയിലേക്ക് ഓരോ മലയാളിയും ഇന്ന് കണ്ണ് തുറന്നത്. മേടം ഒന്നിന് മേടവിഷുവും തുലാം ഒന്നിന് തുലാ വിഷുവും ഉണ്ട്. വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലം അടുത്ത ഒരുകൊല്ലം നിലനില്‍ക്കുമെന്ന വിശ്വാസവുമുണ്ട്.
വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ, വിഷുക്കളി എന്നിവ വിഷുവിനോട് ബന്ധപ്പെട്ടവയാണ്. തേച്ചുമിനുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും പാതി നിറച്ച്, അലക്കിയ മുണ്ടും പൊന്നും വാല്‍കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും പഴുത്ത അടക്കയും വെറ്റിലയും കണ്‍മഷിയും ചാന്തും സിന്ദൂരവും നാരങ്ങയും കത്തിച്ച നിലവിളക്കും തേങ്ങാമുറിയും ശ്രീകൃഷ്ണവിഗ്രഹവും വച്ചാണ് വിഷുക്കണി ഒരുക്കുക. ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തി പിറകില്‍നിന്ന് കണ്ണുകള്‍ പൊത്തി കൊണ്ടുവന്നാണ് കണികാണിക്കുന്നത്. പിന്നീട് കൈനീട്ടം നല്‍കല്‍.

കേരളത്തോടൊപ്പം അയല്‍ സംസ്ഥാനങ്ങളിലും അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലും മലയാളികളുള്ള ഗള്‍ഫ് നാടുകളിലും മറ്റ് വിദേശ നാടുകളിലും വിഷു ആഘോഷിക്കാറുണ്ട്.