ജിദ്ദ മലപ്പുറം ജില്ല കെഎംസിസി മീഡിയ കോഴ്‌സ് സമാപിച്ചു

ജിദ്ദ: മലപ്പുറം ജില്ല കെഎംസിസി ആസ്പയര്‍ എജ്യുക്കേഷനല്‍ ആന്റ് ട്രൈനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി 2020 ജനുവരിയില്‍ ആരംഭിച്ച മീഡിയ കോഴ്‌സ് സമാപനമായി. പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അധ്യാപകർക്കു മൊമെന്റോനല്‍കി ആദരിച്ചുംകൊണ്ട് സംഘടിപ്പിച്ച ചടങ്ങോടെയാണ് മീഡിയ ട്രെയിനിങ് കോഴ്‌സ് പര്യവസാനിച്ചത്.

സമാപന ചടങ്ങ് അറബ്‌ന്യൂസ് മാനേജിങ് എഡിറ്റര്‍ സിറാജ് വഹാബ് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തനം ഉത്തരവാദിത്വം നിറഞ്ഞതാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമൂഹത്തോട് വലിയ ഉത്തരവാദിത്വമുണ്ടെന്നും സിറാജ് വഹാബ് പറഞ്ഞു. സോഷ്യല്‍ മീഡിയ ഇന്ന് ഏറെ സജീവമാണെങ്കിലും അതിന് വിശ്വാസ്യത കുറവായതിനാല്‍ പത്രങ്ങള്‍ക്ക് ഇന്നും വലിയ പ്രസക്തി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധിക്കിടയിലും പ്രവാസികള്‍ക്ക്മുമ്പില്‍ ഏറെ അവസരങ്ങളുള്ള മീഡിയ ട്രെയിനിങ് കോഴ്‌സ് ഭംഗിയായി പൂര്‍ത്തിയാക്കിയ ജിദ്ദ മലപ്പുറം ജില്ല കെഎംസിസിയെ അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങില്‍ മീഡിയ കോഴ്‌സ് കണ്‍വീനര്‍ സുല്‍ഫിക്കര്‍ ഒതായി അധ്യക്ഷത വഹിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, ആക്ടിങ് പ്രസിഡന്റ് സി.എ റസാഖ് മാസ്റ്റര്‍, മലപ്പുറം ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഇല്യാസ് കല്ലിങ്ങല്‍, സെക്രട്ടറി സാബില്‍ മമ്പാട്, മീഡിയ ഫോറം പ്രസിഡന്റ് ജലീല്‍ കണ്ണമംഗലം, ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി അധ്യാപകന്‍ ഡോ. ഇസ്മായീല്‍ മരിതേരി മലയാളം ന്യൂസ് റിപ്പോര്‍ട്ടര്‍ മായീന്‍ കുട്ടി തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. മീഡിയ കോഴ്‌സിന് നേതൃത്വം നല്‍കിയ മാധ്യമ പ്രവര്‍ത്തകരായ എഎം സജിത്ത്, മുസാഫിര്‍, എം അഷ്‌റഫ്, ഇബ്രാഹിം ഷംനാദ്, അഫ്താബ് റഹ്‌മാന്‍, എന്നിവര്‍ക്ക് മെമെന്‍േറായും കോഴ്‌സ് പൂര്‍ത്തിയാക്കിയ പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും പരിപാടിയില്‍ വിതരണം ചെയ്തു.

മീഡിയ കോഴ്‌സിന്റെ ഭാഗമായി നടത്തിയ പരീക്ഷയില്‍ എസ്എം അന്‍വര്‍, സമീര്‍ മലപ്പുറം, മുഹമ്മദ് കല്ലിങ്ങല്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പഠിതാക്കളായ അന്‍വര്‍ വണ്ടൂര്‍, നിയാസ് ഇരുമ്പുഴി, മുഹിയുദ്ധീന്‍ താപ്പി, ആഷിഖ് മഞ്ചേരി, സക്കീന ഓമശ്ശേരി തുടങ്ങിയവര്‍ പഠന അനുഭവങ്ങള്‍ പങ്കു വെച്ചു. ഫാത്തിമ ഷമൂല ശരാഫാത് അവതാരകയായിരുന്നു. കെ.ടി റാഷിദ് ഖിറാഅത് നടത്തി. മീഡിയ ട്രെയ്‌നിങ്ങില്‍ ക്ലാസ് എടുത്തിരുന്ന സിഒടി അസീസ്, ഓണ്‍ലൈനില്‍ ക്ലാസ് എടുത്തിരുന്ന ശംസുദ്ദീന്‍ മുബാറക്, ഉസ്മാന്‍ ഇരുമ്പുഴി എന്നിവര്‍ ക്ലാസ്സിന് നല്‍കിയ സേവനം മലപ്പുറം ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി ഹബീബ് കല്ലന്‍ സ്വാഗത പ്രസംഗത്തില്‍ അനുസ്മരിച്ചു. സെക്രട്ടറി വി. വി അഷ്‌റഫ് നന്ദി പറഞ്ഞു. ഫിറ്റ് സെക്രട്ടേറിയറ്റ് മെമ്പര്‍മാരായ അഫ്‌സല്‍ നാറാണത്ത്, നൗഫല്‍ ഉള്ളാടന്‍ എന്നിവര്‍ പരിപാടിക്ക് നേതൃതം നല്‍കി.