കവിതകള്‍ ഹൃദയത്തെ സ്പര്‍ശിക്കണം: കെ.സി ഉമേഷ് ബാബു

തലശ്ശേരി: കവിതകള്‍ വായനക്കാരുടെ നനുത്ത ഹൃദയത്തെ സ്പര്‍ശിക്കുന്നതായിരിക്കണമെന്നും, എന്നാല്‍ ഇന്നത്തെ മിക്ക കവിതകളും എന്തിന് വേണ്ടിയാണ് എഴുതപ്പെടുന്നതെന്ന് സംശയിച്ചു പോവുകയാണെന്നും പ്രശസ്ത കവി കെ.സി ഉമേഷ് ബാബു അഭിപ്രായപ്പെട്ടു.
കലയുടെ വൈയക്തികത നഷ്ടപ്പെടുകയും, ഹൃദയ ശൂന്യത അനുഭവപ്പെടുകയുമാണ്. ദൈവത്തെ പ്രീതപ്പെടുത്താന്‍ ചോരയുടെ ആവശ്യമില്ലെന്ന് ശ്രീ നാരായണഗുരുവടക്കമുള്ളവര്‍ നവോത്ഥാനത്തിലൂടെ തെളിയിച്ചതാണ്. പ്രബുദ്ധ കേരളം ഇല്ലായ്മ ചെയ്ത കോഴി വെട്ടും, മൃഗബലിയുമൊക്കെ തിരിച്ചു വരികയാണ്. കൊടുങ്ങല്ലൂരില്‍ ഇത്തവണ കോഴി വെട്ട് പുനരാരംഭിച്ചിരിക്കുകയാണ്. ഇത് ആശങ്കാജനകമായ ഇരുട്ടിലേക്കുള്ള തിരിച്ചു പോക്കാണെന്ന് ഉമേഷ് ബാബു പറഞ്ഞു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
മുദ്രപത്രം മാസികയുടെ ദശവാര്‍ഷികത്തോടനുബന്ധിച്ച് തലശേരി പാര്‍ക്കോ റസിഡന്‍സിയില്‍ നടന്ന ‘പുസ്തക പ്രകാശനവും, കവിയരങ്ങും’ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫ: എന്‍.എന്‍ രാമന്‍കുട്ടിയുടെ രണ്ട് പുസ്തകങ്ങള്‍ ഉമേഷ് ബാബു പ്രകാശനം ചെയ്തു. കവി എ ഗംഗാധരന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. പി. ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ചു. പി രമണി ടീച്ചര്‍, പ്രൊഫ: എന്‍.എന്‍ രാമന്‍കുട്ടി, പ്രൊഫ: ഏ.പി സുബൈര്‍, പി.വി വേണുഗോപാലന്‍, ഗീത ചൊക്‌ളി, ഉമാദേവി തുരുത്തേരി, എം ലക്ഷ്മണന്‍ മാസ്റ്റര്‍, കെ പത്മനാഭന്‍ മാസ്റ്റര്‍, പ്രഫുല്ലജ്യോതി കൂലോത്ത്, ചാലക്കര പുരുഷു എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. ഒ.എന്‍.വി കുറുപ്പിന്റെ ‘ഭൂമിക്കൊരു ചരമഗീതം’ നിര്‍മലഗിരി റാണീജയ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആറാംതരം വിദ്യാര്‍ത്ഥിനി സാന്ദ്ര അലപിച്ചു. പ്രൊഫ: ദാസന്‍ പുത്തലത്ത് കവിതകളെ അവലോകനം ചെയ്തു. മേജര്‍ പി ഗോവിന്ദന്‍, കതിരൂര്‍ ടി.കെ ദിലീപ് കുമാര്‍, വേണു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.






