വഴിയാത്രക്കാരിയുടെ സ്വർണ്ണമാല പൊട്ടിച്ചോടിയെന്ന കേസിൽ നിരപരാധിയെ ജയിലിലടച്ച എസ്.ഐയ്കെതിരെ വകുപ്പുതല ശിക്ഷ

തലശ്ശേരി: ഇരുചക്ര വാഹനത്തിലെത്തി വഴിയാത്രികയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല പൊട്ടിച്ച് രക്ഷപ്പെട്ടെന്ന കേസിൽ നിരപരാധിയെ പിടികൂടി ജയിലിലടച്ചുവെന്നതിന് എസ്.ഐ.ക്കെതിരെ വകുപ്പുതല ശിക്ഷ. ചക്കരക്കല്‍ മുന്‍ എസ്.ഐ പി.ബിജുവിനെതിരേയാണ് നടപടി. ഒരു വര്‍ഷത്തേക്കുള്ള ശമ്പളവും പ്രമോഷനും തടഞ്ഞാണു ഉത്തരമേഖലാ ഐ.ജി അശോക് യാദവിന്റെ പുതിയ ഉത്തരവ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കതിരൂര്‍ സ്വദേശിയായ വി.കെ താജുദീന്‍ ആണ് പരാതിക്കാരൻ. മനസ്സറിയാത്ത സംഭവത്തിൽ മോഷണ കുറ്റത്തിനു 54 ദിവസമാണ് താജുദ്ദിന് ജയിലിൽ കഴിയേണ്ടി വന്നത്. നേരത്തെ കണ്ണൂര്‍ റേഞ്ച് ഡപ്യൂട്ടി പൊലീസ് ഇന്‍സ്പക്ടര്‍ ജനറല്‍ നല്‍കിയ ശിക്ഷ പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. അന്ന്
വകുപ്പുതല നടപടിയുടെ ഭാഗമായി എസ്.ഐ.ബിജുവിനെ സ്ഥലം മാറ്റുകയായിരുന്നു. ഇതിനെതിരേ താജുദീന്‍ പിന്നോക്ക സമുദായ ക്ഷേമ സമിതിക്കു മുന്‍പാകെ ഹരജി സമര്‍പ്പിച്ചിരുന്നു. നടപടിക്കെതിരേ എസ്.ഐ ബിജുവും അപ്പീൽ സമര്‍പ്പിച്ചിരുന്നു. എന്നാൽ എസ്.ഐ.യുടെ അപ്പിൽ എതിര്‍ത്താണ് ഐ.ജി ശമ്പളവും സ്ഥാനക്കയറ്റവും തടഞ്ഞ് ഉത്തരവിറക്കിയത്.
വിഷയത്തിൽ വിശദീകരണം നൽകാനായി 60 ദിവസം സമയം മേലുദ്യോഗസ്ഥൻ എസ്.ഐക്ക് അനുവദിച്ചിരുന്നു. മാല പൊട്ടിച്ച കേസിന്റെ അന്വേഷണ കാലയളവില്‍ ശാസ്ത്രീയമായ യാതൊരു തെളിവുകളും എസ്.ഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നില്ല. പ്രതിചേര്‍ക്കപ്പെട്ട ആളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, സംഭവ സമയത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍, മോഷണത്തിനായി ഉപയോഗിച്ച വാഹനത്തിന്റെ നിറം എന്നിവ എസ്.ഐ ബിജു പരിശോധിച്ചില്ലെന്നു ഐ.ജിയുടെ ഉത്തരവില്‍ പറയുന്നു. 2018 ജൂലൈ ആറിനാണു കേസിനാസ്പദ സംഭവം.
എസ്.ഐക്കെതിരേ ആരോപണം ഉയര്‍ന്നപ്പോള്‍ അന്നത്തെ കണ്ണൂർ ഡി.വൈ.എസ്.പി പി. സദാനന്ദന്‍ കേസന്വേഷണം ഏറ്റെടുക്കുകയും കേസിലെ യഥാര്‍ഥ പ്രതിയായ വടകര അഴിയൂരിലെ ശരത് വത്സരാജിനെ അറസ്റ്റ് ചെയ്തു. ഇതോടെ. എസ്.ഐക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. മനുഷ്യാവകാശ കമ്മിഷനും പ്രശ്‌നത്തില്‍ ഇടപെട്ട് നിജസ്ഥിതി തേടി. ഇതിൽ പിന്നീട് ജയില്‍ മോചിതനായ താജുദീന്‍ തന്നെ കള്ളക്കേസിൽ കുടുക്കിയ എസ്.ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലിസ് മേധാവിയെ സമീപിക്കുകയായിരുന്നു. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതിനും 1.40 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് താജുദീന്‍ നല്‍കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ട് . വകുപ്പുതല നടപടിക്ക് പുറമെ എസ്.ഐക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് താജുദീന്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.






