37 വര്‍ഷത്തെ പ്രവാസത്തിനു വിട നൽകി സിസി കരീം നാട്ടിലേക്ക്

ജിദ്ദ: ‌ സിസി എന്ന രണ്ടക്ഷരം കൊണ്ട് കഴിഞ്ഞ 37 വര്‍ഷത്തോളമായി ജിദ്ദയില്‍ സംഘാടന രംഗത്ത്, പ്രത്യേകിച്ച് കെ.എം.സി.സി എന്ന ഹരിത സാംസ്‌ക്കാരിക കൂട്ടായ്മയില്‍ സജീവമായിരുന്ന പെരുവള്ളൂര്‍ സ്വദേശി സി.സി അബ്ദുല്‍ കരീം പ്രവാസത്തില്‍നിന്നും വിടപറയുകയാണ്. നീണ്ട പ്രവാസ ജീവിതത്തിനിടയില്‍ സംഘടനാ രംഗത്തുനിന്നും നേടിയ നിരവധി സുഹൃത് വലയങ്ങള്‍ തെഞ്ചോട് ചേര്‍ത്താണ് സി.സി അബ്ദുല്‍ കരീമിന്റെ മടക്കം. ഒപ്പം ജോലിചെയ്ത സ്ഥാപനത്തില്‍നിന്നും ആത്മാര്‍ത്ഥതക്ക് ലഭിച്ച പതക്കത്തിന്റെ പൊന്‍തിളക്കവും സി.സി അബ്ദുല്‍ കരീം പ്രവാസത്തിന് വിരാമമിടുമ്പോള്‍ ശിഷ്ടകാല വിശ്രമ ജീവിതത്തില്‍ ഓര്‍മ്മയിലെ വെള്ളിവെളിച്ചമായി തിളങ്ങിനില്‍ക്കും.

സി.സി അബ്ദുല്‍ കരീം പ്രവാസ ലോകത്ത് അറിയപ്പെടുന്നത് കുടുംബ പേരായ സി.സി എന്ന പേരിലാണ്.  സി.സി എന്ന പേര് മാത്രം പറഞ്ഞാല്‍ കെ.എം.സി.സികാര്‍ക്കിടയില്‍ എല്ലാവര്‍ക്കുമറിയാം അത് സി.സി അബ്ദുല്‍ കരീമാണെന്ന്. സി.സി പ്രവാസത്തോട് വിടപറയുന്നത് കമ്പനിയില്‍ ജോലി ഭീഷണി ഉള്ളതുകൊണ്ടല്ല. ആത്മാര്‍ത്ഥമായ സേവനം കൊണ്ട് കമ്പനിയെ ഇത്രയധികം നെഞ്ചോട് ചേര്‍ത്തയാള്‍ നാട്ടിലേക്ക് തിരിച്ചുപോകുമ്പോള്‍ സ്വാഭാവികമായും കമ്പനി മേധാവിക്കും മനസ്സില്‍ നൊമ്പരമുണ്ടാകും. അതാണ് ‘ജോലി വിട്ട് നാട്ടില്‍ കുടിയേറുന്നത് കുറച്ചുകഴിഞ്ഞുപോരെ’ എന്ന് കമ്പനി മേധാവി ‘അബ്ദുള്ള ബിന്‍സാഗര്‍’ സി.സിയോട് ചോദിക്കാന്‍ കാരണം.

തന്നെ താനാക്കിയ, തനിക്കും കുടുംബത്തിനും മാന്യമായി ജീക്കാന്‍ ജോലിയിലൂടെ വഴിയൊരുക്കിയ കമ്പനി വിട്ടുമടങ്ങാന്‍ സിസിക്കു പൂര്‍ണ്ണമനസ്സില്ലെങ്കിലും ഇനിയുള്ളകാലം നാട്ടിലാവട്ടെ എന്ന ഉറച്ച തീരുമാനമെടുക്കുകയായിതുന്നു.

1984ലാണ് സി.സി ജിദ്ദയില്‍ പ്രവാസിയായി എത്തുന്നത്. ആദ്യത്തെ ഒരു വര്‍ഷം ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു കമ്പനിയിലായിരുന്നു ജോലി. തൊട്ടടുത്ത വര്‍ഷമാണ് ബിന്‍സഗര്‍ കമ്പനിയുടെ ബലദിലുള്ള ഹെഡ് ഓഫീസില്‍ കയറുന്നത്. 36 വര്‍ഷമായി ഇതേ കമ്പനിയിലാണ് ജോലി തുടര്‍ന്നത്. 20 വര്‍ഷം ജോലി പൂര്‍ത്തിയായക്കിയവരെ 2021ല്‍ കമ്പനി ആദരിച്ചപ്പോള്‍ ബിന്‍സഗര്‍ കമ്പനിയുടെ പട്ടികയില്‍ ഏറ്റവും നല്ല സ്റ്റാഫ് എന്ന അംഗീകാരവും പ്രശസ്തി പത്രവും സി.സിക്കു ലഭിച്ചിരുന്നു.

ആദ്യകാലത്ത് ജിദ്ദയിലെത്തിയപ്പോഴുള്ള ഈ നാടിന് കാലം ഒരുപാട് മാറ്റം വന്നിരിക്കുന്നതായി സിസി പറയുന്നു. നിരവധി കെട്ടിട സമുഛയങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. റോഡുകളുടെയും പാലങ്ങളുടേയും വികസനം അതിലേറെ. വിദേശികളടക്കമുള്ള ജനങ്ങളുടെ വര്‍ദ്ദനവ്. മൂന്നരപതിറ്റാണ്ടിലധികം ജിദ്ദയിലുണ്ടായ മാറ്റം സി.സിക്കു കാണാനായി. ഇന്ന് ബലദിലെ ഏറ്റവും പ്രശസ്തമായ മെഹ്‌മല്‍ ബില്‍ഡിംഗ് സി.സി ജിദ്ദയിലെത്തുന്ന സമയത്ത് ഉണ്ടായിരുന്നില്ല.

മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറം ജില്ലയിലെ തിരുരങ്ങാടിയില്‍നിന്നും ജിദ്ദയിലെത്തിയ സി.സിയുടെ മനസ്സിലും ഹരിത രാഷ്ട്രീയവും പച്ചകൊടിയുമാണ്. ജോലിക്കിടയിലും താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തെ മുറുകെ പിടിച്ചുകൊണ്ടായിരുന്നു ജീവിതം. ഒഴിവുകിട്ടുമ്പോഴൊക്കെ പ്രസ്ഥാനത്തിനായി സമയം കണ്ടെത്തി. കെ.എം.സി.സി എന്നപേരില്‍ പ്രസ്ഥാനം നിലവില്‍ വരും മുമ്പ് തേഞ്ഞിപ്പലം പഞ്ചായത്ത് ഈസ്റ്റ് മുസ്‌ലിം വെല്‍ഫെയര്‍ ലീഗ് സെക്രട്ടറിയായി പ്രവാസ ലോകത്ത് സാമൂഹ്യ രംഗത്തേക്കുള്ള അരങ്ങേറ്റം. ബിന്‍സഗര്‍ കമ്പനിലേക്ക് ജോലി മാറിയ ശേഷം ബാബുമക്കയില്‍ താമസമാക്കി. തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി സെക്രട്ടറി, വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി പ്രഥമ പ്രസിഡന്റ്. ബാബുമക്ക കെ.എം.സി.സി സെക്രട്ടറി. അമ്മാരിയ്യ കെ.എം.സി.സി പ്രസിഡന്റ്, ബലദ് കെ.എം.സി.സി പ്രസിഡന്റ്, ജിദ്ദാ കെ.എം.സി.സി സെക്രട്ടറി, മലപ്പുറം ജില്ലാ കെ.എം.സി.സി വെസ് പ്രസിഡന്റ്, മലപ്പുറം ജില്ലാ കെ.എം.സി.സി ട്രഷറര്‍, വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി ഗ്‌ളോബല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്  തുടങ്ങി വിവിധ സ്ഥാനങ്ങള്‍ വഹിച്ച് സ്തുത്യര്‍ഹമായി സേവന രംഗത്തുണ്ടായിരുന്നു. ഇപ്പോള്‍ പ്രവാസം മതിയാക്കിനാട്ടിലേക്കുമടങ്ങുന്നത് ബലദ് കെ.എം.സി.സി പ്രസിഡന്റ്, ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി തുടങ്ങിയ സ്ഥാനത്തുനിന്നാണ്. മഹല്ല് കമ്മിറ്റികളിലും ശ്രദ്‌ധേയമായ വേസനം കാഴ്ചവെച്ചിട്ടുണ്ട്.

ജിദ്ദയില്‍ സനഇയ്യ, ബാബുമക്ക, ബലദ്, അമ്മാരിയ്യ, ബഗ്ദാദിയ്യ എന്നിവിടങ്ങിലായിരുന്നു കഴിഞ്ഞ 37 വര്‍ഷത്തിനിടയില്‍ താമസിച്ചിരുന്നത്.

ഇന്ദിരാഗാന്ധി വെടിയേറ്റ് മരിക്കുന്ന സമയത്ത് സനഇയ്യയില്‍ ജോലിയിലുണ്ടായിരുന്ന കാര്യം ഓര്‍ക്കുന്നു. പ്രവാസത്തിനിടിയില്‍ നിരവധി സുഹൃത്തുക്കളെ ലഭ്യമായി. മാധ്യമ പ്രവര്‍ത്തകര്‍, സംഘടനാ ഭാരവാഹികള്‍ തുടങ്ങി വിവിധ തുറകളിലുള്ളവരുമായി ഉറ്റബന്ധം വെച്ചുപുലര്‍ത്തി.

ലീഗ് നേതാക്കളുമായി നേരിട്ട് ബന്ധമുള്ള സി.സി ജിദ്ദയിലെത്തുന്ന മുസ്‌ലിം ലീഗ് നേതാക്കളെ സ്വന്തം താമസ കേന്ദ്രത്തിലേക്ക് കൊണ്ടുവരിക പതിയാണ്. ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.കെ മുനീര്‍, സി മമ്മൂട്ടി, പരേതനായ കൊരമ്പയില്‍ അഹമ്മദാജി, ഇ.അഹമ്മദ് തുടങ്ങിയവര്‍ സി.സി കരീമിന്റെ ആധിത്യം സ്വീകരിച്ചവരാണ്. നേതാക്കള്‍ക്ക് വിരുന്നൊരുക്കുക, കൂടെനിന്ന് ഫോട്ടോ എടുത്ത് സൂക്ഷിക്കുക എന്നത് സേവന പ്രവര്‍ത്തനങ്ങള്‍കൊപ്പം ഒരു താല്‍പര്യം കൂടിയാണ്.

എസിയില്‍നിന്നുള്ള വിഷപുകശ്വസിച്ച് ഏതാനും മലയാളി ചെറുപ്പക്കള്‍ മരിച്ച ഹിന്ദാവിയ്യ ദുരന്തം മറക്കാനാവാത്തതും വേദനപ്പിക്കുന്ന ഓര്‍മ്മയുമായി സി.സിയുടെ മനസ്സിലുണ്ട്. ദുരന്തത്തിലായവരുടെ കുടുംബത്തെ സഹായിക്കുന്നതില്‍ സി.സി മുന്‍നിരയിലുണ്ടായിരുന്നു. കെ.എം.സി.സിയിലൂടെ മറ്റുള്ളവരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിലും ആരേക്കാളും കൂടുതല്‍ ഫണ്ട് ശേഖരിക്കുന്ന കാര്യത്തിലും സി.സി വാശിയോടെ ഉണ്ടാകും. പ്രസ്ഥാനത്തിന്റെ മുഖപത്രമായ ചന്ദ്രികയുടെ കീഴിലുള്ള മഹിള ചന്ദ്രികക്ക് ജിദ്ദയില്‍നിന്ന് ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്തുനല്‍കിയതിലെ അംഗീകാരം സിസിക്കായിരുന്നു. കെ.എം.സി.സിയുടെ അഭിമാന പദ്ദതിയായ സുരക്ഷ പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിലും സിസി മുന്‍നിരയിലായിരുന്നു.

കെ.പി മുഹമ്മദ്കുട്ടി, പായേരി കുഞ്ഞിമുഹമ്മദ്, എന്‍ മുഹമ്മദ് കുട്ടി മാസ്റ്റര്‍, എന്‍.മുഹമ്മദ്, ഹസ്സന്‍ സഗീര്‍, ഷരീഫ് മണ്ണിശേരി, ടി.എം.എ റഊഫ്, കുട്ടിമൗലവി, സി.എച്ച് അബൂബക്കര്‍, വൈശ്യാര്‍ അബൂബക്കര്‍, ജാഫറലി പാലക്കോട്, മഹമൂദ് വടകര, വണ്ടൂര്‍ അബൂബക്കര്‍ തുടങ്ങിയ കെം.എം.സി.സി നേതാക്കള്‍കൊപ്പം പ്രവൃത്തിച്ചു പരിചയമുണ്ട്.

ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലും മക്കയിലും മദീനയിലും ചെന്നുള്ള പ്രാര്‍ത്ഥന തനിക്ക് ഏറെ ആശ്വാസമായിരുന്നു എന്ന് സി.സി പറയുന്നു. ജിദ്ദയിലെ ഇത്രയും നാളത്തെ ജോലിക്കിടയില്‍ ബന്ധുക്കളില്‍ പലരേയും കൊണ്ടുവന്ന് ജോലി നല്‍കാന്‍ സഹായിച്ചു. വേണ്ടപ്പെട്ടവരെ ഹജജിനും ഉംറക്കും കൊണ്ടുവരാനായി. ജോലി ചെയ്യുന്ന സ്ഥാപനത്തിലോ മറ്റൊ അവസരം വന്നാല്‍ പലരേയും ജോലിക്കു കയറാന്‍ സഹായിച്ചു. സംഘാടകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുമായി വലിയ സൗഹൃദം സൂക്ഷിച്ചു. സ്ഥിരമായി പത്രവായന ശീലമാണ്. മൂന്നും നാലും ദിവസം കഴിഞ്ഞ് നാട്ടില്‍നിന്നും ജിദ്ദയില്‍ പത്രങ്ങളെത്തുന്ന കാലമുണ്ടായിരുന്നു. അന്നൊക്കെ പത്രങ്ങളുടെ ഫോട്ടോകോപ്പി എടുത്ത് ആവശ്യക്കാര്‍ക്ക് സൗജന്യമായി വിതരണം ചെയ്തിരുന്നു. വിവിധ അറിയിപ്പുകളുമായുള്ള നോട്ടീസുകളുടെ ഫോട്ടോകോപ്പിയെടുത്ത് വിതരണം ചെയ്യുകയും പതിവായിരുന്നു.

വിവിധ സംഘടനകളുടെ കീഴില്‍ ഇപ്പോള്‍ ഹാജിമാരെ സേവിക്കാനായി ഹജജ് സേവന സംഘം രൂപീകരിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇന്നത്തെ പോലെ ഹജജിനുപോകുവാന്‍ നിയന്ത്രണങ്ങളും റജിസ്‌ട്രേഷനും ഇല്ലാതിരുന്ന കാലത്ത്, ജിദ്ദയിലെ താമസ സ്ഥലത്തുനിന്നും മലയാളികളുടെ പത്തും  മുപ്പതും പേരടങ്ങുന്ന സംഘം കൂട്ടമായി ഹജജിന് പോകുന്ന പതിവുണ്ടായിരുന്നു. ടെന്റ് ഒരുക്കാനുള്ള ടാര്‍പാളയും മൂന്നാല് ദിവസത്തേക്ക് ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങളുമായി ഹജജിന് പോകുന്ന ആ കാലത്ത് യാതൊരു സംഘടനയുടെയും പിന്‍ബലമില്ലാതെ സംഘാംഗങ്ങള്‍ നാട്ടില്‍നിന്നെത്തുന്ന ഹാജിമാരെ സേവിക്കാറുണ്ട്. അത്തരം നിരവധി സേവനങ്ങളുട ഓര്‍മ്മകളും നാട്ടിലേക്കു യാത്രതിരിക്കുന്ന സി.സിയുടെ മനസ്സിലുടെ കടന്ന്‌പോവുകയാണ്.

ഭാര്യ: മറിയകുട്ടി. മക്കള്‍: അബ്ദുല്‍ മുനീര്‍(ഷിപ്പിംഗ് സെക്കന്റ് ഓഫീസര്‍), മുനീറ (വിവാഹിത), മുബീന (വിവാഹിത), മുഹമ്മദ് മിന്‍ഹാജ് (ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥി)

പണ്ട് കാലത്ത് ജിദ്ദയില്‍ കൂടെ താമസിക്കുകയും പ്രവൃത്തിക്കുകയും ചെയ്തവരില്‍ നാട്ടിലെത്തിയ പലരും പാര്‍ട്ടീ വേദികളിലും വിവിധ സ്ഥാനങ്ങളിലും സജജീവമാണ്. സി.സി കരീമും ആയുസ്സിന്റെ പകുതിയോഗം കഴിച്ചുകൂട്ടിയ പ്രവാസത്തില്‍നിന്നും വിടവാങ്ങി നാട്ടില്‍ചേകേറാനുള്ള തയ്യാറെടുപ്പിലാണ്; ശിഷ്ടകാല ജീവിതം നാട്ടില്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാനായി. ആരോഗ്യം സമ്മതിക്കുമെങ്കില്‍ പ്രവാസലോകത്തെന്നപോലെ നാട്ടിലും ഹരിത രാഷ്ട്രീയ തണലില്‍ ജീവിതം സമര്‍പ്പിക്കാനായി.