ബി ജെ പി സ്ഥാനാർത്ഥികളുടെ ഹർജികൾ തള്ളി

തലശേരി: ബി ജെ പി സ്ഥാനാർത്ഥികളുടെ ഹർജികൾ തള്ളി. നാമനിർദേശ പത്രിക തള്ളിയതിനെതിരെ സമർപ്പിച്ച ഹർജികളാണ് ഹൈക്കോടതി തള്ളിയത്. തലശ്ശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർത്ഥികളുടെ ഹർജിയാണ് തളളിയത്. ഇലക്ഷൻ കമ്മീഷൻ്റെ വാദം ശരിവെച്ചാണ് കോടതി നടപടി.

ബി.ജെ.പി ജില്ലാ പ്രസിഡണ്ടും തലശ്ശേരി നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയുമായ എൻ. ഹരിദാസിന്റെ നാമനിർദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ഇതിനെതിരെ പത്രിക തളളിയ സ്ഥാനാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

നാമനിർദ്ദേശ പത്രികയോടൊപ്പം നൽകാനുള്ള ഫോം എ യിൽ ദേശീയ അധ്യക്ഷന്റ ഒപ്പ് രേഖപ്പെടുപ്പെടുത്തിയില്ലെന്ന് യു.ഡി.എഫ് നേതാക്കൾ ചൂണ്ടിക്കാട്ടുകയായിരുന്നു. പത്രിക സമർപ്പണ വേളയിൽ ആർ.ഡി.ഒയുടെ ശ്രദ്ധയിലും പെട്ടിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് പത്രിക സമർപ്പണം സമാപിച്ചത്. ഇതിനിടെ ഫോം എ കൃത്യമായി നൽകാനും സ്ഥാനാർത്ഥിക്ക് സാധിച്ചില്ല. ശനിയാഴ്ച കാലത്ത് ഫോം എ കൃത്യമായ രൂപത്തിൽ സമർപ്പിച്ചെങ്കിലും ആർ. ഡി. ഒ അനുകുമാരിയോട് പത്രിക സ്വീകരിക്കരുതെന്ന് കോൺഗ്രസിനു വേണ്ടി ഹാജരായ അഭിഭാഷകരായ കെ.സി രഘുനാഥ്, ഷുഹൈബ് എന്നിവർ ആവശ്യപ്പെട്ടിരുന്നു ഇക്കാര്യം വരണാധികാരിയും അംഗീകരിക്കുകയായിരുന്നു. തുടർന്ന് ബി ജെ പി നേതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. യു. ഡി. എഫ് തലശ്ശേരി നിയോജക മണ്ഡലം സ്ഥാനാർത്ഥി എം. പി അരവിന്ദാക്ഷനു വേണ്ടി അഡ്വ. ടി. ആസഫലി കോടതിയിൽ കക്ഷി ചേർന്നിരുന്നു. അദ്ദേഹത്തിന്റെ വാദവും കോടതി കേട്ടു.