തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു

തലശ്ശേരി: ആരോഗ്യ മന്ത്രി ശ്രീമതി ശൈലജ ടീച്ചര്‍ പങ്കെടുത്ത അമ്മയും കുഞ്ഞും ആശുപത്രിയുടെ ശിലാസ്ഥാപന ചടങ്ങില്‍ നേഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥിനികള്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ അവര്‍ക്കെതിരെയുള്ള പ്രതികാര നടപടികളില്‍ തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു.

മന്ത്രിക്ക് താലപ്പൊലിയും മുത്തുക്കുടയും ചൂടേണ്ട ജോലിയല്ല ആതുരസേവന രംഗത്തുള്ള നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളുടെത്. ഈ പ്രതികാര നടപടിയുടെ ഭാഗമായി നേഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥിനികളുടെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെയും സഹകരണ ആശുപത്രിയിലെയും പ്രാക്ടിക്കല്‍ ട്രെയിനിംഗ് മുടങ്ങിയ നടപടി അടിയന്തിരമായി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിററി അറിയിച്ചു.
അമ്മയും കുഞ്ഞും ആശുപത്രിയുടെ ശിലാസ്ഥാപന ചടങ്ങ് സ്വകാര്യമായും ശുഷ്‌കമായുമാണ് നടത്തിയത്. തലശ്ശേരി ജനതയുടെ സ്വപ്ന പദ്ധതിയുടെ ശിലാസ്ഥാപനചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളപ്പോഴാണ് എണ്ണം തികക്കാന്‍ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളുടെ മേല്‍ കുറ്റം ചുമത്തുന്നതെന്നും കമ്മിറ്റി ആരോപിച്ചു.

യോഗത്തില്‍ എം പി അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. സജീവ് മാറോളി, വി.എന്‍. ജയരാജ്, വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ: സി.ടി. സജിത്, എം.പി. അസ്സൈനാര്‍, കെ. ജയരാജന്‍, സുശീല്‍ ചന്ത്രോത്ത്, പി.വി. രാധാകൃഷ്ണന്‍, കെ.ഇ. പവിത്രരാജ്, എം.വി. സതീശന്‍, ഇ. വിജയകൃഷ്ണന്‍, അഡ്വ. കെ.സി. രഘുനാഥ്, എ. ഷര്‍മ്മിള, പി.ഒ. മുഹമ്മദ് റാഫി ഹാജി, എം.പി. സുധീര്‍ ബാബു, പി. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.