റോഡുകൾ സ്വകാര്യ സ്വത്തല്ല; വാഹനമോടിക്കുന്നവർ മറക്കരുതെന്ന് ട്രാഫിക് എസ്.ഐ.ബിന്ദു രാജ്

തലശ്ശേരി:  റോഡുകൾ ആരുടെയും സ്വകാര്യ സ്വത്തല്ല. പോലീസ് ഭാഷയിൽ ഇതിൻ്റെ നിർവ്വചനം പബ്ലിക് റോഡ് എന്നാണ് . വാഹനങ്ങൾക്ക് മാത്രമല്ല, കാൽനടക്കാരനും അവകാശമുണ്ട്. ഇത് മറക്കുമ്പോഴാണ് അപകടങ്ങൾ ഉണ്ടാവുന്നതെന്ന് തലശ്ശേരി ട്രാഫിക് എസ്.ഐ. ബിന്ദു രാജ് ഓർമ്മിപ്പിക്കുന്നു.

ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ റോഡുകളിൽ ഏറെ കരുതണം. ഹെൽമറ്റ് ധരിക്കാൻ വിസമ്മതിക്കരുത്. കൈക്കും കാലിനും പരിക്ക് പറ്റിയാൽ ചികിത്സയിലൂടെ ഭേദമാക്കാം -എന്നാൽ തലയിൽ മാരകമായ പ്രഹരമേറ്റാൽ ജീവൻ തന്നെ നഷ്ടപ്പെടും. ഇരുചക്രവാഹനങ്ങൾക്ക് സ്വന്തമായി ബാലൻസ് ഇല്ലെന്നത് മറക്കരുത്.  ഓടുമ്പോൾ കൈവരുന്ന ബാലൻസ് ഏത് നിമിഷവും കൈവിട്ടു പോവാം. തെന്നി വീഴാൻ സാധ്യതകൾ ഏറെയാണ്. റോഡുകളുടെ ഘടന മനസ്സിലാക്കി വേണം സ്പീഡ് കൂട്ടാൻ. വളവും തിരിവും ഏറെയുള്ള റോഡുകളിൽ സ്പീഡിൽ പോവുന്ന വാഹനങ്ങൾ നിയന്ദ്രിക്കാനാവില്ലെന്ന് തലശ്ശേരി സ്പോട്ടിംഗ് അറീന ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അശ്വിൻ പോൾ അനുസ്മരണ ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തവേ ട്രാഫിക് എസ്.ഐ ചൂണ്ടിക്കാട്ടി.

ബാഡ്മിൻറൺ താരമായിരുന്ന അങ്കമാലി സ്വദേശി അശ്വിൻ പോൾ ഇക്കഴിഞ്ഞ ദിവസമാണ് ഇരുപത്തി അഞ്ചാം വയസിൽ ഇരുചക്രവാഹന അപകടത്തിനിരയായി മരണപ്പെട്ടിരുന്നത് . സ്പോട്സ് താരങ്ങൾ തിങ്ങിനിറഞ്ഞ സദസ് ഏറെ ഏകാഗ്രതയോടെയാണ് അനുസ്മണ പ്രഭാഷണം ശ്രവിച്ചത്.