തലശ്ശേരി അമൃത വിദ്യാലയത്തിന് യുനെസ്കോയുടെ അംഗീകാരം

ഇന്ത്യയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി യുനെസ്കോ, ന്യൂഡൽഹിയിൽ യുനൈറ്റഡ് സ്കൂൾ ഓർഗനൈസേഷനുമായി സഹകരിച്ച് H2O (എച്ച് റ്റൂ ഓ)എന്ന വാട്ടർവൈസ് പ്രോജക്ടിൻ്റെ പ്രവർത്തനം നടത്തി വരുന്നുണ്ട്. അതിൻ്റെ ഭാഗമായി 6 മുതൽ 14 വരെ വയസ്സ് പ്രായമുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് ജല പ്രതിസന്ധിയെ ആസ്പദമാക്കി ദേശീയ തലത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ഇന്ത്യയിലുടനീളമുള്ള 43 സ്കൂളുകളിൽ നിന്നും 17000 വിദ്യാർത്ഥികളാണ് മൂന്ന് ഘട്ടങ്ങളിലായി നടത്തിയ മത്സരങ്ങളിൽ പങ്കെടുത്തത്. അവരിൽ 2000 പേരാണ് ക്വാളിഫയർ റൗണ്ടിൽ എത്തിയത്. 93 വിദ്യാർത്ഥികൾ ടൂൺസ് മീഡിയ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

കുട്ടികൾ സമർപ്പിച്ച 80 സ്റ്റോറി ബോർഡിൽ നിന്നും മികച്ച 5 വിദ്യാർത്ഥികളിൽ ഉൾപ്പെട്ട തലശ്ശേരി അമൃത വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രേയ കെ. ആണ് നാഷനൽ ലെവൽ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഡോക്ടർ കുൽകർണി (അസിസ്റ്റൻ്റ് പ്രൊഫസർ, രാജീവ് ഗാന്ധി ആയൂർവേദ മെഡിക്കൽ കോളജ്, മാഹി) യുടേയും, ഡോക്ടർ ശ്വേത കെ. (അസ്സോസിയേററ് പ്രൊഫസർ, നന്ദ ആയുർവേദ മെഡിക്കൽ കോളജ്, ഈറോഡ്) യുടേയും മകളാണ് ശ്രേയ.






