ശമ്പളക്കമ്മീഷൻ റിപ്പോർട്ട് തള്ളിക്കളയുക: യു.ടി.ഇ.എഫ്

തലശ്ശേരി: പ്രതിലോമകരമായ 11-ാം ശമ്പള പരിഷ്ക്കരണ കമ്മീഷൻ റിപ്പോർട്ട് തള്ളിക്കളയണമെന്നും അഞ്ചു വർഷത്തിലൊരിക്കൽ ശമ്പളപരിഷ്ക്കരണമെന്ന അടിസ്ഥാന തത്വം ബലികഴിക്കുന്നതിനും സർവ്വീസ് വെയിറ്റേജ് എടുത്തുകളയുന്നതിനും അലവൻസുകൾ വെട്ടിച്ചുരുക്കുന്നതിനും സർക്കാർ നടത്തുന്ന ശ്രമങ്ങളിൽ നിന്നും പിൻവാങ്ങണമെന്നും ആവശ്യപ്പെട്ട് യു. ടി. ഇ. എഫ് സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്കം വമ്പിച്ച വിജയമാക്കിയ ജീവനക്കാർക്കും അധ്യാപകർക്കും യു. ടി. ഇ. എഫ്
തലശ്ശേരി താലൂക്ക് കമ്മറ്റി അഭിവാദ്യങ്ങളർപ്പിച്ചു.

അന്യായമായ സ്ഥലമാറ്റ ഭീഷണികളാലും ക്ഷാമബത്താ നിഷേധത്താലും ഗൃഹനിർമ്മാണ വായ്പ ഇല്ലാതാക്കിയും സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതി അട്ടിമറിച്ചും പങ്കാളിത്ത പെൻഷൻകാരെ വഞ്ചിച്ചും സിവിൽ സർവ്വീസിനെ ഇല്ലാതാക്കാനുള്ള ഇടതു സർക്കാരിൻ്റെ നയങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായിരുന്നു പണിമുടക്കെന്ന് സമര നേതാക്കൾ അറിയിച്ചു.

പണിമുടക്കിയ ജീവ നക്കാർ തലശ്ശേരി മിനിസിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയ പ്രകടനത്തിന് കെ.സുധാകരൻ, എ അനിൽ കുമാർ, അഷറഫ് മമ്പറം, പി.പി.ഹരിലാൽ,കെ രാജേഷ്, കെ.ധനരാജ്, കെ സുനിൽകുമാർ, സി പിഅജിത്ത് കുമാർ, പി.കെ ഉണ്ണികൃഷ്ണൻ,ജിജു കെ.കെ എന്നിവർ നേതൃത്വം നൽകി.